കിണറിലെ വെള്ളത്തില്‍ എണ്ണ, പരിശോധന: ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം, ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2022 08:00 AM  |  

Last Updated: 15th March 2022 08:00 AM  |   A+A-   |  

oil in well water

പ്രതീകാത്മക ചിത്രം

 

പാലക്കാട്: കൂറ്റനാട് ടൗണിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളിലും സ്ഥാപനങ്ങളിലും ഉള്ള കിണറുകള്‍, ജലാശയങ്ങള്‍ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളിലെ വെള്ളത്തില്‍ എണ്ണയുടെ അംശം കണ്ടെത്തി. സ്പീക്കര്‍ എം ബി രാജേഷിന്റെ ഇടപെടലിനെത്തുടര്‍ന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പട്ടാമ്പി താലൂക്ക് അസി. എന്‍ജിനീയര്‍ രമ്യാ ശങ്കര്‍, അസി. സയിന്റിസ്റ്റ് വി പി മണികണ്ഠന്‍, സര്‍വലന്‍സ് എന്‍ജിനീയര്‍ വിനീത്, ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. നാഗലശ്ശേരി പഞ്ചായത്ത് അധ്യക്ഷന്‍ വി വി ബാലചന്ദ്രനും ഒപ്പമുണ്ടായിരുന്നു. 

കൂറ്റനാട് ടൗണില്‍ തണ്ണീര്‍ക്കോട് റോഡിന്റെ വടക്കുഭാഗത്ത് 10 വീടുകളിലും സിപിഎം ഏരിയ കമ്മിറ്റി ഓഫിസ്, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെയും കുടിവെള്ള സ്രോതസ്സുകളിലാണ് എണ്ണയുടെ അംശം കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ എല്ലായിടത്തു നിന്നും സാംപിള്‍ ശേഖരിക്കുകയും വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. പലയിടങ്ങളിലും ആറു മാസത്തിലധികമായി ഇത്തരത്തില്‍ എണ്ണയുടെ അംശം കാണുകയും പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി സംഭവം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നപടികള്‍ ഒന്നും ഉണ്ടായില്ലെന്നും വീട്ടുകാര്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. നിലവില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാണെന്നും അവര്‍ പറഞ്ഞു. 

കുടിവെള്ള സ്രോതസ്സുകളിലാണ് എണ്ണയുടെ അംശം

എണ്ണയുടെ അംശം കണ്ടെത്തിയ ശുദ്ധജല സ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്ന് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എടുത്ത സാംപിളുകള്‍ മൂന്നു ദിവസത്തിനകം പാലക്കാട്ടുള്ള ലാബുകളില്‍ പരിശോധിച്ച് റിസള്‍ട്ട് ലഭിക്കുമെന്നും കൂടുതല്‍ പരിശോധനകള്‍ എറണാകുളത്തുള്ള ലാബുകളില്‍ നടക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.