ബന്ധു നിയമന വിവാദം: കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി സ്ഥാനമൊഴിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 04:34 PM  |  

Last Updated: 16th March 2022 04:34 PM  |   A+A-   |  

dr_poornima_mohan

ഡോ. പൂര്‍ണിമ മോഹന്‍/ഫയല്‍

 

തിരുവനന്തപുരം: കേരള സര്‍വകലാശാല ലെക്‌സിക്കന്‍ മേധാവി ഡോ. പൂര്‍ണിമ മോഹന്‍ സ്ഥാനമൊഴിഞ്ഞു.പൂര്‍ണിമയുടെ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാലയോട് വിശദീകരണം ചോദിച്ചിരുന്നു. സംസ്‌കൃതം അധ്യാപികയെ മലയാളം ലെക്‌സിക്കന്‍ മേധാവിയായി നിയമിച്ചത് വിവാദമായിരുന്നു. 

കഴിഞ്ഞ ജൂലൈയിലാണ് പൂര്‍ണിമ മോഹനെ ലെക്സിക്കന്‍ മേധാവിയായി നിയമിച്ചത്. ലെക്സിക്കന്‍ എഡിറ്റര്‍ തസ്തികയിലേക്ക് വേണ്ട അടിസ്ഥാനയോഗ്യത മലയാളം ഭാഷയില്‍ ഒന്നാം ക്ലാസിലോ, രണ്ടാം ക്ലാസിലോയുള്ള ബിരുദമാണെന്ന് സര്‍വകലാശാല വ്യക്തമാക്കുന്നുണ്ട്. 

എന്നാല്‍ കാലടി സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗം അധ്യാപികയായ പൂര്‍ണിമ മോഹന്, മേധാവി സ്ഥാനത്തേക്ക് യോഗ്യതയില്ലെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കിയാണ് പൂര്‍ണിമയുടെ നിയമനമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആര്‍ മോഹനന്റെ ഭാര്യയാണ് പൂര്‍ണിമ.