മോശമായി പെരുമാറിയാൽ സ്ഥാനക്കയറ്റം മുടങ്ങും; സർക്കാർ ജീവനക്കാരുടെ പ്രവർത്തന മികവ് കണക്കാക്കാൻ ഇനി മാർക്ക്

സ്പെഷലൈസ്ഡ് കാറ്റഗറി ഒഴികെ എല്ലാ ഗസറ്റഡ് ഓഫീസർമാരുടെയും പ്രവർത്തന മികവ് ഇത്തരത്തിൽ വിലയിരുത്താനാണ് നിർദേശം
തിരുവനന്തപുരം സെക്രട്ടേറിയറ്റ്‌/ ഫയല്‍ ചിത്രം
തിരുവനന്തപുരം സെക്രട്ടേറിയറ്റ്‌/ ഫയല്‍ ചിത്രം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ മികവ് വിലയിരുത്തുന്ന രഹസ്യ റിപ്പോർട്ട് തയ്യാറാക്കുന്ന രീതി മാറുന്നു. ഗ്രേഡ് അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിരുന്ന നിലവിലെ രീതി സംഖ്യാടിസ്ഥാനത്തിലേക്കു മാറ്റാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ശുപാർശ നൽകി. കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകുന്നതിനു മുന്നോടിയാണ് നടപടി. 

നിലവിലെ ഗ്രേഡിങ് സംവിധാനത്തിൽ അപാകമുള്ളതായി കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. സ്പെഷലൈസ്ഡ് കാറ്റഗറി ഒഴികെ എല്ലാ ഗസറ്റഡ് ഓഫീസർമാരുടെയും പ്രവർത്തന മികവ് ഇത്തരത്തിൽ വിലയിരുത്താനാണ് നിർദേശം.

ഉദ്യോഗസ്ഥരുടെ പെരുമാറ്റം സർവീസ് റൂളിന്റെ ഭാഗമാക്കണം എന്നതടക്കമുള്ള ശുപാർശകളാണ് ഭരണ പരിഷ്‌കാര കമ്മീഷൻ നൽകിയിരുന്നത്. ജനങ്ങളോടുള്ള പെരുമാറ്റം അടിസ്ഥാനമാക്കി ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ മാനദണ്ഡങ്ങൾ മാറും.

ഓഫീസിലെത്തുന്നവരോട് മോശമായി പെരുമാറിയാൽ സ്ഥാനക്കയറ്റം മുടങ്ങും. കാര്യക്ഷമത ഇല്ലെങ്കിലും ഫയൽ അകാരണമായി താമസിപ്പിച്ചാലും ജോലി സമയത്ത് സീറ്റിൽ ഇല്ലാതിരുന്നാലും ഫണ്ട് വൈകിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങളുണ്ടായാലും സ്ഥാനക്കയറ്റത്തെ ബാധിക്കും. 

മേലുദ്യോഗസ്ഥരായിരിക്കും ഒരാളുടെ കാര്യങ്ങൾ പരിശോധിക്കുക. മൂന്ന് വർഷത്തെ പ്രകടനം വിലയിരുത്തും. ഉദ്യോഗസ്ഥർക്ക് എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഗ്രേഡ് നൽകുകയാണ് ഇതുവരെ ചെയ്തിരുന്നത്. കാര്യക്ഷമത വിലയിരുത്തുന്നതിലുള്ള വ്യക്തതയില്ലായ്മ, മേലുദ്യോഗസ്ഥരുടെ പക്ഷപാതം, ജോലി മെച്ചപ്പെടുത്താനുള്ള നടപടികളുടെ അഭാവം, ഉയർന്ന ഗ്രേഡ് നൽകുന്നതിന് വ്യക്തമായ കാരണം നൽകാതിരിക്കുക തുടങ്ങിയ പോരായ്മകൾ ഇതിനുണ്ടായിരുന്നു. അതിനാലാണ് നിലവിലുള്ള രീതി മാറ്റുന്നത്.

ഒന്ന് മുതൽ പത്ത് വരെയുള്ള നമ്പർ ഗ്രേഡുകളാണ് ഇനി നൽകുക. വളരെ മോശം ഇടപെടലുകളാണെങ്കിൽ ഒന്ന്, രണ്ട് നമ്പർ ​ഗ്രേഡിലായിരിക്കും. മൂന്ന്, നാല് നമ്പർ ​ഗ്രേഡുകൾ ശരാശരിക്ക് താഴെ. അഞ്ചാണെങ്കിൽ ശരാശരി. ആറ്, എഴ്, എട്ട് ​നമ്പറുകൾ മികച്ചതും ഒൻപത്, 10 ​നമ്പറുകൾ ഏറ്റവും മികച്ചത് എന്ന രീതിയിലാണ് ഇനി മാർക്കുകൾ നൽകുക. 

സ്കോർ അഞ്ചോ അതിൽ കുറവോ ആണെങ്കിൽ അത്തരം ജീവനക്കാർക്ക് പരിശീലനം നൽകണം. ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയായിരിക്കും കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകാനുള്ള കലണ്ടർ വർഷം. വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

റിപ്പോർട്ടിന് രണ്ടു ഭാ​ഗങ്ങളാണുള്ളത്. ഒന്നാം ഭാ​ഗത്ത് ജീവനക്കാരുടെ വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അവധികൾ, പങ്കെടുത്ത പരിശീലന പരിപാടികൾ, പുരസ്കാരങ്ങൾ. രണ്ടാം ഭാ​ഗത്തിൽ നേതൃഗുണം, പ്രശ്നപരിഹാരം, തീരുമാനമെടുക്കാനുള്ള കഴിവ്, സമ്മർദം അതിജീവിക്കൽ തുടങ്ങി 20 ഇനങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com