നടുറോഡില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വനിതാ വ്യാപാരി മരിച്ചു; ആക്രമിച്ചത് മുന്‍ ജീവനക്കാരന്‍, ശരീരത്തില്‍ 30 വെട്ടുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2022 09:13 AM  |  

Last Updated: 18th March 2022 09:46 AM  |   A+A-   |  

thrissur murder case

റിന്‍സി

 

തൃശൂര്‍: നടുറോഡില്‍ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു. ഇന്നലെ രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശിനി റിന്‍സി (30) ആണ് മരിച്ചത്. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്. ശരീരത്തില്‍ 30 വെട്ടേറ്റ പാടുകളാണ് ഉള്ളത്.

വ്യാഴാഴ്്ച രാത്രി എട്ടിനാണ് സംഭവം. വീട്ടിലേക്ക് പോകുംവഴി കൊടുങ്ങല്ലൂല്‍ ഏറിയാട് വച്ച് തടഞ്ഞുനിര്‍ത്തി മുന്‍ജീവനക്കാരന്‍ റിയാസ് കടയുടമയെ വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ അക്രമി രക്ഷപ്പെടുകയായിരുന്നു.കൈയ്ക്കും തലയ്ക്കും മറ്റും പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എറിയാട് കേരള വര്‍മ്മ സ്‌ക്കൂളിന് സമീപമുള്ള വസ്ത്രാലയം അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു.

അതുവഴി വന്ന ബൈക്ക് യാത്രികര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് റിയാസ് സ്ഥലംവിട്ടു. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഇയാള്‍ക്കെതിരെ യുവതി നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.