സില്‍വര്‍ലൈന്‍: സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്, പിഴയും ഈടാക്കാൻ കെ റെയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 07:47 PM  |  

Last Updated: 20th March 2022 07:47 PM  |   A+A-   |  

k rail

കെ റെയില്‍ സര്‍വേകല്ല് പിഴുതുമാറ്റിയ നിലയില്‍

 

കൊച്ചി: സില്‍വര്‍ലൈന്‍ സർവേക്കല്ല് പിഴുതെറിയുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ കെ റെയില്‍. ഒരു കല്ല് പിഴുതുമാറ്റിയാലുണ്ടാകുന്ന നഷ്ടം 5000 രൂപ വരെയാണ്. കല്ല് പിഴുതുമാറ്റുന്നവരില്‍ നിന്ന് നഷ്ടപരിഹാരമീടാക്കാനും ആലോചനയുണ്ടെന്ന് കെ റെയില്‍ അധികൃതര്‍ പറഞ്ഞു. 

കല്ല് വാര്‍ത്തെടുക്കാന്‍ ആയിരം രൂപയോളം ചെലവുണ്ട്. ഗതാഗത ചെലവ്, ജീവനക്കാരുടെ കൂലി, പൊലീസ് സംരക്ഷണത്തിനുവേണ്ട ചെലവ് എല്ലാംകൂടി ചേരുമ്പോള്‍ ഒരു കല്ലിടാന്‍ വേണ്ടിവരുന്ന ചെലവ് 5000 രൂപയാകും. പകരം കല്ലിടണമെങ്കില്‍ ഇത്രതന്നെ ചെലവ് വീണ്ടും വരും. കല്ല് പിഴുതവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയനും നിയമനടപടിയെടുക്കും. പുതിയ കല്ല് ഇടാനുള്ള ചെലവ് പിഴുതുമാറ്റിയവരില്‍ നിന്നുതന്നെ ഈടാക്കിയാൽ കല്ല് പിഴുതുമാറ്റല്‍ സമരത്തിന് അതിരുണ്ടാകുമെന്നും കെ റെയില്‍ അധികൃതർ പറയുന്നു. 

ഇതുവരെ എത്ര കല്ലുകള്‍ പിഴുതുമാറ്റിയെന്ന കണക്കെടുപ്പ് തുടങ്ങി.