''ഡോക്ടര്‍ ധൈര്യമായി ഓപ്പറേറ്റ് ചെയ്‌തോളൂ, അദ്ദേഹം രണ്ടു ദിവസത്തിനകം എണീറ്റ് നടക്കും''

കുഞ്ഞുങ്ങളെ ചികല്‍സിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമാണ്
ഡോ. അരുണ്‍ ഉമ്മന്‍
ഡോ. അരുണ്‍ ഉമ്മന്‍

''ഡോക്ടര്‍ ധൈര്യമായി ഓപ്പറേറ്റ് ചെയ്‌തോളൂ, അദ്ദേഹം രണ്ടു ദിവസത്തിനകം എണീറ്റ് നടക്കും, ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.''- രോഗിക്കും കൂടെയുള്ളവര്‍ക്കും ഡോക്ടറിലുള്ള വിശ്വാസം ചികിത്സയില്‍ എത്ര പ്രധാനമാണെന്ന് ഓര്‍ത്തെടുക്കുകയാണ് ഡോ. അരുണ്‍ ഉമ്മന്‍. ബ്രയിനില്‍ ട്യൂമര്‍ ഉള്ള ഒരു രോഗി പെട്ടന്നു കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു
വന്നു. ആള്‍ അബോധാവസ്ഥയിലാണ്. ഒരു വശം അനക്കുന്നില്ല. സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ ട്യൂമറിനുള്ളില്‍ ബ്ലീഡിങ് ഉണ്ട്. ഉടനടി സര്‍ജറി ചെയ്യണം. കൂടെവന്നവരോട് കാര്യം പറഞ്ഞു. അവരുടെ സഹകരണം, ഡോക്ടറില്‍ ഉള്ള ഉറച്ച വിശ്വാസം; അതു പ്രധാനമാണ്. രോഗിയെ രക്ഷിക്കാന്‍
വേണ്ടതെല്ലാം ഡോക്ടര്‍ ചെയ്യും എന്ന് അവര്‍ വിശ്വസിക്കുമ്പോള്‍ രോഗിയും ഡോക്ടറും തമ്മില്‍ സുദൃഡമായ ഒരു ബന്ധം രൂപപ്പെടും. ആ രോഗിയുടെ ബന്ധു പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. 'ഡോക്ടര്‍ ധൈര്യമായി ഓപ്പറേറ്റ് ചെയ്‌തോളൂ അദ്ദേഹം രണ്ടു ദിവസത്തിനകം എണീറ്റ് നടക്കും; ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.''  സര്‍ജറി കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ അദ്ദേഹം എഴുന്നേറ്റ് നടന്നു'' 

.ഇതുപോലുള്ള നിമിഷങ്ങളില്‍ ഒരു ഡിവൈന്‍ ബ്ലൈസിങ് അനുഭവപ്പെടാറുണ്ടെന്നാണ് ഡോ. അരുണിന്റെ പക്ഷം. സ്വന്തം കര്‍മ്മം ഏറ്റവും ഭംഗിയായി ചെയ്യാന്‍ സാധിച്ചല്ലോ എന്ന ധന്യത. ഒരു നല്ല വൈദ്യന്‍ രോഗത്തെ ചികില്‍സിക്കുന്നു, എന്നാല്‍ ഒരു മികച്ച വൈദ്യന്‍ രോഗത്തോടൊപ്പം രോഗിയെയും ചികില്‍സിക്കുന്നു.- ഡോ. അരുണ്‍ പറയുന്നു. പ്രഗത്ഭനായ ന്യൂറോ സര്‍ജന്‍ എന്നതിനൊപ്പം സേവന, കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഡോ. അരുണ്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍, ഇപ്പോള്‍ വരെയും     പശ്ചിമ കൊച്ചിയിലെ മിക്കയിടങ്ങളിലും ഭക്ഷണമെത്തിക്കാന്‍ സെഹിയോന്‍ പ്രേക്ഷിത സംഘത്തോടൊപ്പം മുന്‍നിരയിലുണ്ട് അദ്ദേഹം. ഡോ. അരുണിന്റെ വാക്കുകളിലേക്ക്:

ആഗ്രഹിച്ചത് പൈലറ്റ് ആവാന്‍

ഒരു പൈലറ്റ് ആകണമെന്നായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ കാഴ്ച ശക്തിക്ക് ഉണ്ടായിരുന്ന ഒരു കുറവ് ഒരു പൈലറ്റിന് വേണ്ട ആ പെര്‍ഫെക്റ്റ് വിഷന്‍ എന്റെ ആഗ്രഹത്തിന് ഒരു തടസ്സമായി.
ഡോക്ടര്‍ ആവുക എന്നത് ശരിക്കും എന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു. അച്ഛന്റെ ആഗ്രഹം പിന്നീട് എന്റെയും സ്വപ്നമായി മാറുകയായിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ ഡോക്ടര്‍മാര്‍ ആരും തന്നെ ഇല്ലായിരുന്നു. അതും ഒരു െ്രെഡവിംഗ് ഫോഴ്‌സ് ആയിരുന്നു എന്ന് പറയാം .പിന്നീടുള്ള എന്റെ പഠനവും പ്രയത്‌നവും ഡോക്ടര്‍ എന്ന സ്വപ്നത്തിലേക്കായിരുന്നു. നമ്മള്‍
ജീവിക്കുന്ന സമൂഹത്തില്‍ മികച്ച രീതിയില്‍ മാറ്റം വരുത്താന്‍ ഒരു ഡോക്ടര്‍ക്ക് സാധിക്കും എന്ന വിശ്വാസം ഈ മേഖല തിരഞ്ഞെടുക്കാന്‍ ഏറെ പ്രചോദനമായിട്ടുണ്ട്.

എന്തുകൊണ്ട് ന്യൂറോ സര്‍ജറി?

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. നടക്കില്ല എന്ന് പറയുന്ന കാര്യങ്ങള്‍ നടത്തി കാണിച്ചു കൊടുക്കുക അതായിരുന്നു എന്റെ രീതി. ' you can do this ' എനിക്ക് വളരെയധികം പ്രചോദനം നല്‍കിയ വാക്കുകളാണിത്. ഡോക്ടര്‍ ആയപ്പോഴും സര്‍ജറി ഉപരിപഠന വിഷയമാക്കാന്‍ അതായിരുന്നു പ്രേരണ. അതില്‍ തന്നെ ഏറ്റവും വെല്ലുവിളി നല്‍കുന്ന neurosurgery തിരഞ്ഞെടുത്തതതും ഈ ആഗ്രഹം മൂലമെടുത്ത തീരുമാനമാണ്. നമ്മള്‍ വിചാരിച്ചാല്‍ നടക്കാത്തതായി ഈ ലോകത്തു ഒന്നും തന്നെയില്ല.  ഈ മേഖലയില്‍ ഞാന്‍ ഇന്നും ഒരു വിദ്യാര്‍ത്ഥിയാണ്. ദിനവും ഞാന്‍ ഓരോ പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നു . എന്റെ പക്കല്‍ വരുന്ന ഓരോ രോഗികളെയും ശുശ്രൂഷിക്കാന്‍ വളരെ ആത്മാര്‍ത്ഥമായാണ് ഞാന്‍ ഇന്നേവരെയും പരിശ്രമിച്ചിട്ടുള്ളത്. എന്നെ വിശ്വസിച്ചു വരുന്നവരെ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ സഹായിക്കാന്‍ ശ്രമിക്കാറുമുണ്ട്.


അവന്‍ ഒരു കലാകാരനായി വളര്‍ന്നു

ന്യൂറോസര്‍ജന്‍ ആയതിനു ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ അസ്സിസന്റ് പ്രൊഫസ്സര്‍ ആയി സേവനം ചെയ്യുമ്പോള്‍  ചെയ്ത ഒരു ശസ്ത്രക്രിയ ഇപ്പോഴും ഓര്‍മയിലുണ്ട്. വെറും അഞ്ചു ദിവസം പ്രായമുള്ള  ആണ്‍കുട്ടി.  myelomeningocele എന്ന് പറയുന്നത് ഒരുജനിതക വൈകല്യമാണ് ആ ശിശുവിനുണ്ടായിരുന്നത് . ഗര്‍ഭാവസ്ഥയില്‍ തന്നെ സംഭവിക്കുന്ന ഒരു വൈകല്യം .കുഞ്ഞിന്റെ മുതുകില്‍ ഒരു മുഴ പോലെ ത്വക്ക് പുറത്തേക്കു നീണ്ടു നിന്നിരുന്നു. ഇങ്ങനെയുള്ള കുഞ്ഞുങ്ങളില്‍ സ്‌പൈനല്‍ കോര്‍ഡിന്റെ ആവരണം ശരിയായി രൂപപ്പെട്ടിട്ടുണ്ടാവില്ല.ആ കുഞ്ഞിന്റെ സ്‌പൈനല്‍ കോര്‍ഡിന്റെ ആവരണമില്ലാതിരുന്ന ഭാഗങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ച്  സ്‌പൈനല്‍ കോര്‍ഡ് ശരിയാക്കി. ശസ്ത്രകിയ കഴിഞ്ഞു കുഞ്ഞ് സുഖം പ്രാപിച്ചു, ഡിസ്ചാര്‍ജ് ആയി  പോയി. എന്നാല്‍ നീണ്ട പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ എന്നെ കാണാന്‍ വന്നിരുന്നു. ആ കുഞ്ഞിനുണ്ടായിരുന്നത് ഒരു ജനിതക വൈകല്യമായതിനാല്‍ മറ്റുള്ള കുഞ്ഞുങ്ങളെ അപേക്ഷിച്ചു നടക്കാന്‍ സ്വല്പം ബുദ്ധിമുട്ട് ഉണ്ട്. എന്നാല്‍ ആ കുഞ്ഞു ഇന്നൊരു മികച്ച കലാകാരന്‍ ആണ്. പല ചാനല്‍ പരിപാടികളിലും അവന്‍ തന്റെ കഴിവ് ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞു. വെറും അഞ്ചു ദിവസം മാത്രം പ്രായമുള്ളപ്പോള്‍ കണ്ട ആ മിടുക്കനെ നീണ്ട പതിനൊന്നു വര്‍ഷത്തിന് ശേഷം വീണ്ടും കണ്ടപ്പോള്‍ ഏറെ സന്തോഷവും ചാരിതാര്‍ഥ്യവും തോന്നി.

ശക്തിയും ദൗര്‍ബല്യവും

നമ്മള്‍ക്ക് നമ്മളില്‍ തന്നെ ഒരു വിശ്വാസമുണ്ടാകേണ്ടത് വളരെ അനിവാരമാണ്. നമ്മളില്‍ നിക്ഷ്പതമായിരിക്കുന്ന ഉത്തരവാദിത്വം ശരിയായ രീതിയില്‍ നിര്‍വ്വഹിക്കണമെങ്കില്‍ നമ്മുടെ മുന്നില്‍ വരുന്ന ഓരോ രോഗിയുടെയും പ്രശ്‌നങ്ങള്‍ ശരിയായി മനസ്സിലാക്കാനും അതിനോട് സഹാനുഭൂതിയോട് പ്രതികരിക്കാനും നമ്മള്‍ക്ക് സാധിക്കണം. ഒരു നല്ല ഡോക്ടര്‍ ആവാന്‍ പഠനത്തില്‍ മുന്‍പന്തിയില്‍ ആയാല്‍ മാത്രം പോരാ, മറിച്ച് തന്മയീഭാവമുള്ള ഒരു വ്യക്തി കൂടെയാവണം എന്നാണ് എന്റെ അഭിപ്രായം.  മറ്റൊരാളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നമ്മളുടേത് കൂടെയാണ് എന്ന് കരുതി അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ വളരെ ഫലപ്രദമായി മാറ്റങ്ങള്‍ വരുത്താന്‍ നമ്മള്‍ക്ക് സാധിക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. 

എന്റെ ബലഹീനത എന്താണ് എന്ന് ചോദിച്ചാല്‍  രോഗബാധിതരായ കുഞ്ഞുങ്ങളെ ചികല്‍സിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമാണ്. ഉദാഹരണത്തിന് പറയുകയാണെങ്കില്‍ കുഞ്ഞുങ്ങളുടെ തലച്ചോറിലെ ജനിതക വൈകല്യങ്ങള്‍, അതു പോലെ തന്നെ കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന ട്യുമറുകള്‍ മിക്കവാറും മാരകമായിരിക്കും. മിക്കപ്പോഴും ഇവ ക്രോമോസോമല്‍ അനോമാലി കാരണം സംഭവിക്കുന്നവയാണ്. അവയെ ചികില്‍സിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. മാത്രമല്ല  ചികിത്സ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. രോഗബാധിതരായ കുഞ്ഞുങ്ങളെ പരിചരിക്കുമ്പോള്‍ മനസ്സുകൊണ്ട് അവരോടു വളരെ അടുപ്പം തോന്നിപോകും, കാരണം അവര്‍ക്ക് മിക്കപ്പോളും അവരുടെ രോഗത്തിന്റെ തീവ്രതയോ അത് എത്രത്തോളം ഗുരുതരമാണെന്നോ ഒന്നും അറിവുണ്ടാവില്ല.
അതുകൊണ്ട്  അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍, എനിക്ക്  വളരെയേറെ ദുഖം തോന്നാറുണ്ട്. 

മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍

ഒരു ഡോക്ടര്‍ക്ക്  സമൂഹത്തോട് ഏറെ പ്രതിബദ്ധതയും ഉത്തരവാദിത്വവും ഉണ്ട്. ഇത് തന്നെയാണ് ഒരു ഡോക്ടറെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനുമാക്കുന്നത്.  

ഒരു സംഭവം ഓര്‍ക്കുകയാണ്. ഒരു ബിസിനെസ്സ് ആവശ്യത്തിന് വേണ്ടി കേരളത്തില്‍ വന്ന ഒരു നോര്‍ത്ത് ഇന്ത്യക്കാരന്‍. അദ്ദേഹം   താമസിച്ചിരുന്ന സ്റ്റാര്‍ ഹോട്ടലില്‍ വച്ച് അപ്രതീക്ഷമായി തലച്ചോറില്‍ രക്തസ്രാവമുണ്ടായി അതീവ ഗുരുതരാവസ്ഥയില്‍ ആ വ്യക്തിയെ കൊണ്ടുവന്നത് ലേക് ഷോറിലേയ്ക്ക് ആയിരുന്നു. 

വല്ലാത്ത ഒരു ക്രിട്ടിക്കല്‍ കണ്ടീഷനിലായിരുന്നു രോഗി. എമര്‍ജന്‍സി സര്‍ജറി ചെയ്യണം കൂടെ ബന്ധുമിത്രാദികള്‍ ആരും തന്നെയില്ല അദ്ദേഹത്തിന്റെ ഭാര്യ രോഗബാധിതയായതിനാല്‍ അവര്‍ക്ക് വരാന്‍ പറ്റുമായിരുന്നില്ല രോഗിയുടെ കൂടെ ആരുമില്ലാത്ത ഒരവസ്ഥ. സാധാരണ ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ രോഗിയെ അഡ്മിറ്റ് ചെയ്യാന്‍ ഏതൊരു ആശുപത്രിയും ഒന്ന് മടിക്കും. പക്ഷേ
വൈകും തോറും നഷ്ടപ്പെട്ടു പോയേക്കാവുന്ന ഒരു ജീവന്റെ മുന്നില്‍ ഈ പ്രതിബന്ധങ്ങള്‍ മാറ്റിവെച്ച് അദ്ദേഹത്തിന്റെ സര്‍ജറി ചെയ്തു.

ഏകദേശം 15 ദിവസത്തോളം അദ്ദേഹം ആശുപത്രിയില്‍ ആയിരുന്നു. പൂര്‍ണ്ണ സുഖം പ്രാപിച്ചതിനു ശേഷം . അദ്ദേഹം തന്റെ ജന്മനാട്ടിലേയ്ക്ക് തിരികെ മടങ്ങുയും ചെയ്തു. കഴിഞ്ഞ 4 വര്‍ഷമായി അദ്ദേഹം ടെലിഫോണ്‍ വഴി കൃത്യമായി റിവ്യു നടത്തുന്നുണ്ട്.

മറ്റൊരിക്കല്‍ തലച്ചോറിനു ഗുരുതര പരിക്കു പറ്റിയ ഒരു ആക്‌സിഡന്റ് പേഷ്യന്റിനെ ആശുപത്രിയില്‍ കൊണ്ടുവന്നു. ആരാണ് എന്ന് കൊണ്ടുവന്നവര്‍ക്ക് അറിയില്ല. ആര്‍ക്കും ഒന്നും അറിയാത്ത അവസ്ഥ. ഇങ്ങനെ ഉള്ള കേസുകള്‍ സാധാരണ ജനറല്‍ ആശുപത്രിയിലേയ്ക്ക് വിടുകയാണ് പതിവ്. പക്ഷേ ആ രോഗിയെ അതീവ ഗുരുതരാവസ്ഥയിലാണ് കൊണ്ടുവന്നത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായിരുന്നു. ഒരു പക്ഷേ മരണം വരെ സംഭവിക്കാം എന്നുള്ള അവസ്ഥ, എമര്‍ജന്‍സി സര്‍ജറി എന്നത്  മാത്രമായിരുന്നു ഏക പോംവഴി. സര്‍ജറി കഴിഞ്ഞപ്പോളേയ്ക്കും അയാളുടെ ബന്ധുക്കളൊക്കെ എത്തിച്ചേര്‍ന്നിരുന്നു. വളരെ സാമ്പത്തിക പരാധീനതയനുഭവിക്കുന്ന ഒരു കുടുംബത്തിലെ ഗ്യഹനാഥനായിരുന്നു  അദ്ദേഹം. ഭാര്യയും
മൂന്ന് കുട്ടികളും. മൂത്ത കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ആ അവസ്ഥയില്‍ ആ അച്ഛനെ കൂടെ നഷ്ടപ്പെട്ടാല്‍ ആ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാകുമായിരുന്നു. സര്‍ജറി കഴിഞ്ഞ് റിവ്യുവിന് അദ്ദേഹത്തിന്റെ മകള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഞങ്ങളുടെ പൂജാമുറിയില്‍ ദൈവത്തോടൊപ്പം ഡോക്ടറുടെ ഫോട്ടോയും ഉണ്ട്. ഒരു ഡോക്ടര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ആദരവായി ആണ് ഞാന്‍ ഇത് കാണുന്നത്.

രോഗികളെ മാത്രമല്ല, ആശുപത്രിയെയും അറിയണം

ന്യൂറോസര്‍ജന്‍ ആയി ജോലി ചെയ്തു വരുമ്പോഴായിരുന്നു എനിക്ക് എം ബി എ, അതും ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ചെയ്യണമെന്ന ആഗ്രഹം തോന്നിയത്. സാധാരണയായി മെഡിസിന്‍ പഠനത്തിന് ശേഷം അധികമാരും തിരഞ്ഞെടുക്കാത്ത മേഖലയാണിത്. എന്റെ അഭിപ്രായത്തില്‍ ഒരു മികച്ച ഡോക്ടര്‍ ആവണമെങ്കില്‍ അയാള്‍ ഹോസ്പിറ്റല്‍ എന്താണെന്നും അവിടുത്തെ നിയമങ്ങളും നടത്തിപ്പുകള്‍ എങ്ങനെയാണെന്നും എല്ലാം അറിഞ്ഞിരിക്കണം. അതിലൂടെ കൂടുതല്‍ നന്നായി അവര്‍ക്കു പ്രവര്‍ത്തിക്കാനും സാധിക്കും. അങ്ങനെയാണ് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും രണ്ടുവര്‍ഷത്തെ എം ബി എ പഠനം പൂര്‍ത്തിയാക്കുന്നത്. 

ന്യൂറോസര്‍ജനെ കാണേണ്ടത് എപ്പോള്‍? 

തലച്ചോറ്, നട്ടെല്ല്, നാഡീവ്യൂഹം എന്നിവയില്‍ ശസ്ത്രക്രിയ നടത്തുക ന്യൂറോസര്‍ജന്മാരാണ്. അപകടങ്ങളിലൂടെയോ മറ്റോ തലച്ചോറിലോ തലയോട്ടിയിലോ ക്ഷതമേറ്റാല്‍  അവരെ ചികിസിക്കുന്നതു ന്യൂറോസര്‍ജനാണ്. അതുപോലെ തലച്ചോറിനകത്തു വെള്ളം കെട്ടികിടക്കുന്ന അവസ്ഥ (hydrocephalus ), ബ്രെയിന്‍ ട്യൂമേഴ്‌സ്, കൂടാതെ തലച്ചേറില്‍ ജന്മനാ ഉണ്ടാകുന്ന
ചില വൈകല്യങ്ങള്‍ എന്നിവയുടെ ചികിത്സകള്‍ വരുന്നത് ഈ മേഖലയിലാണ്. അതുപോലെതന്നെ ഒന്നാണ് functional neurosurgery. Parkinsonism ( പാര്‍ക്കിന്‍സണ്‍ ) പോലുള്ള അസുഖങ്ങള്‍ മരുന്നുകളാല്‍ ഗുണം കണ്ടില്ലെങ്കില്‍, തലച്ചോറിലെ ചില കോശങ്ങളെ ബലപ്പെടുത്തിയെടുത്താല്‍ ഈ രോഗത്തെ ഒരു പരിധിവരെ ഭേദമാക്കിയെടുക്കാന്‍ സാധിക്കും. അതുപോലെതന്നെ നട്ടെല്ലിന് സംഭവിക്കുന്ന ഡിസ്‌ക് ബള്‍ജ് പോലുള്ള തകരാറുകള്‍ മാറ്റാന്‍ ചെയ്യുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ എല്ലാം കൈകാര്യം ചെയ്യുന്നത് ന്യൂറോസര്‍ജന്മാരാണ്. 

വളര്‍ന്നത് വിശക്കുന്ന മുഖങ്ങള്‍ കണ്ട്

ഞാന്‍ ജനിച്ചത് എത്യോപ്യയിലും വളര്‍ന്നത് നൈജീരിയയിലും ആണ്. എന്റെ മാതാപിതാക്കള്‍ അവിടെ സ്‌കൂള്‍ അദ്ധ്യാപകര്‍ ആയിരുന്നു. ആഫ്രിക്കയിലെ പല രാജ്യങ്ങള്‍ ഇന്നും അരക്ഷിതാവസ്ഥയിലാണെന്നു നമുക്കറിയാം. വേണ്ടത്ര ഭക്ഷണമോ വെള്ളമോ വിദ്യാഭ്യാസ സൗകര്യമോ സുരക്ഷിതമായ ജീവിത സാഹചര്യങ്ങളോ ഒന്നും തന്നെ ഇല്ലാത്ത രാജ്യങ്ങളാണ്
ഒട്ടുമിക്കതും. എത്യോപിയയും നൈജീരിയയും അതില്‍ നിന്നും ഒട്ടും വിഭിന്നമായിരുന്നില്ല. അദ്ധ്യാപകര്‍ ആയതുകൊണ്ട് ജീവിക്കാനുള്ള അത്യാവശ്യ സൗകര്യങ്ങള്‍ ഞങ്ങള്‍ക്കവിടെ ഉണ്ടായിരുന്നു. എന്നാല്‍ ചുറ്റുപാടുകളിലെ അവസ്ഥ വളരെ വ്യത്യസ്തമായിരുന്നു. ഒരുനേരത്തെ
ആഹാരത്തിനു വകയില്ലാത്ത, ഉടുക്കാന്‍ വസ്ത്രം ഇല്ലാത്ത മനുഷ്യര്‍, ഞങ്ങളുടെ അടുത്ത് ഭക്ഷണത്തിനു വേണ്ടി കൈ നീട്ടുമ്പോള്‍ ഒരു ചെറിയ പ്രതീക്ഷ ഞാന്‍ ആ മുഖങ്ങളില്‍ കണ്ടിട്ടുണ്ട്. ആ ദയനീയ മുഖങ്ങള്‍ ഇന്നും എന്റെ ഓര്‍മയിലുണ്ട്.
എന്റെ കുടുംബം അവരാല്‍ ആകുന്ന വിധം ആ കുരുന്നുകള്‍ക്ക് ഭക്ഷണം നല്കാറുണ്ടാറുണ്ടായിരുന്നു. വിശപ്പിന്റെ ഏറ്റവും ഭയാനകമായ അവസ്ഥ ഞാന്‍ കണ്ടത് അവിടെവച്ചാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെ വില അറിഞ്ഞു തന്നെയാണ് ഞാന്‍ വളര്‍ന്നത്. പിന്നീടത് വിശന്നു വലയുന്നവര്‍ക്കു എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിമാറി. കഴിയുമ്പോഴൊക്കെ ഞാന്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കാറുമുണ്ട്. ഒരിക്കല്‍ മാനസികാസ്വാസ്ഥ്യമുള്ള ഒരു വ്യക്തി ചീഞ്ഞു നാറുന്ന ഭക്ഷണം കഴിക്കുന്നത് കാണാന്‍ ഇടയായി. ആ ഭക്ഷണത്തിന്റെ ദുര്‍ഗന്ധംപോലും ആ മനുഷ്യന്റെ
വിശപ്പിനു മുന്നില്‍ ഒന്നുമല്ലായിരുന്നു. ഇങ്ങനെയുള്ള പല ഘടകങ്ങളും സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഈ അവസരത്തിലാണ് MX Judeson ( ജൂഡ്‌സണ്‍ ചേട്ടനെ ) പരിചയപ്പെടുന്നത്. അദ്ദേഹം നയിക്കുന്ന സെഹിയോന്‍ പ്രേക്ഷിത സംഘത്തെ പറ്റിയും അവരുടെ പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതല്‍ അറിയുകയും
ചെയ്തപ്പോള്‍ സെഹിയോന്‍ പ്രേക്ഷിത സംഘത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സെഹിയോന്‍ പ്രേക്ഷിത സംഘം വെസ്റ്റ് കൊച്ചിയിലെ ഇതുപോലുള്ള നിരാലംബരെയും മനസികരോഗികളെയും പരിചരിക്കുകയും ദിവസേന ഭക്ഷണം എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ മാനേജിങ് ട്രസ്റ്റീ എന്ന നിലയില്‍ ഏറെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ സാധിക്കുന്നുണ്ട് .നമ്മളാല്‍ ആവുന്ന നന്മ മറ്റുള്ളവര്‍ക്കു ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.

കുടുംബം

വി പി എസ്  ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓണ്‍കോളജിസ്‌റ് ആയ ഡോ റോജ ജോസഫ് ആണ് ഭാര്യ. ഏയ്തന്‍, എയ്ഡന്‍ എന്നിവര്‍ മക്കളാണ്. കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. 
അച്ഛന്‍ വി ജി ഉമ്മനുംഅമ്മ സൂസന്‍ ഉമ്മനും അധ്യാപകരായിരുന്നു. അജയി ഉമ്മന്‍ സഹോദരിയാണ്. സഹോദരീഭര്‍ത്താവ് ഉമ്മന്‍ കെ മാമ്മന്‍. രണ്ടു പേരും ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ആണ്.

രോഗികളുടെ സര്‍ട്ടിഫിക്കറ്റ് 

ഒരു നല്ല ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന എല്ലാ ചെറുപ്പക്കാരോടു0, എനിക്ക് പറയാനുള്ളത് ശരിക്കും താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം ഡോക്ടറാകുക എന്നാണ്. ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങരുത്. 'നിങ്ങള്‍ ഒരു മികച്ച ഡോക്ടറാണ്' എന്ന രോഗിയുടെ  സര്‍ട്ടിഫിക്കറ്റാണ് നിങ്ങളെ മറ്റ് ഡോക്ടര്‍മാരെക്കാള്‍ മികച്ചതാക്കുന്നത്. നിങ്ങളുടെ  രോഗിയുടെ അംഗീകാരം 
പരിഗണിക്കുമ്പോള്‍ ശമ്പളം, പദവി, പ്രശസ്തി, അവാര്‍ഡുകള്‍ തുടങ്ങിയവയെല്ലാം വളരെ അല്പമൂല്യമായ കാര്യങ്ങള്‍ മാത്രമാണ്. അവരുടെ അനുഗ്രഹം നേടാന്‍ എപ്പോഴും പരിശ്രമിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com