കൊച്ചി മെട്രോ: ചരിഞ്ഞ തൂൺ ബലപ്പെടുത്തൽ ഇന്ന് മുതൽ, ഗതാഗതം നിയന്ത്രണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 07:05 AM  |  

Last Updated: 21st March 2022 07:05 AM  |   A+A-   |  

kochi metro

ഫയല്‍ ചിത്രം

 

കൊച്ചി: മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പർ തൂണിന്റെ പൈലുകൾ ബലപ്പെടുത്താനുള്ള ജോലികൾ ഇന്ന് തുടങ്ങും. ഡിഎംആർസി, എൽ ആൻഡ് ടി, എയ്ജിസ്, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിലാണ് ജോലികൾ നടക്കുക. കൂടുതൽ പൈലുകൾ അടിക്കേണ്ട സ്ഥലം നിശ്‌ചയിക്കുന്ന ജോലികളായിരിക്കും ആദ്യം പൂർത്തിയാക്കുക. കോൺക്രീറ്റിങ്‌ ഇതിനുശേഷം തുടങ്ങും.

346, 347, 348 തൂണുകൾക്ക്‌ ഇരുവശത്തും രണ്ടരമീറ്റർ വീതിയിൽ ബാരിക്കേഡ്‌ ചെയ്‌ത്‌ ഹൈവേയിൽ ഗതാഗതം നിയന്ത്രിക്കും. സമീപത്തുള്ള ബസ്‌സ്‌റ്റോപ്പുകൾ മാറ്റി ട്രാഫിക്‌ വാർഡൻമാരെ നിയന്ത്രണത്തിന്‌ നിയോഗിക്കും. ഹൈവേ ആയതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിടില്ല. മഴക്കാലത്തിന് മുൻപായി ജോലികൾ പൂർത്തിയാക്കും. നിലവിലുളള മെട്രോറെയിൽ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിർമാണ ജോലികൾ നടക്കുകയെന്നും കെഎംആർഎൽ അറിയിച്ചു. 

നിർ‍മാണത്തിലേയും മേൽനോട്ടത്തിലേയും പിഴവാണ് കൊച്ചി പത്തടിപ്പാലത്ത് മെട്രോ റെയിൽ തൂണിന് ബലക്ഷയം ഉണ്ടാകാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. ട്രാക്കിനുണ്ടായ വളവിൻറെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പൈലിങ്ങിലുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് കണക്കാക്കുന്നത്. നാല്‌ പൈലുകൾകൂടി കൂടുതലായി നിർമിച്ച്‌ തൂണിന്റെ അടിത്തട്ടുമായി ബന്ധിപ്പിച്ച്‌ ബലക്ഷയം പരിഹരിക്കാനാണ്‌ ലക്ഷ്യം.