പിഴുത സ്ഥലങ്ങളില്‍ വീണ്ടും കല്ലിടും; സാമൂഹികാഘാത പഠനം മൂന്നു മാസത്തിനകം; പദ്ധതിയുമായി മുന്നോട്ടെന്ന് കെ റെയില്‍ എംഡി

കെ റെയില്‍ പാതയ്ക്ക് അഞ്ചു മീറ്റര്‍ ബഫര്‍ സോണ്‍ ആയിരിക്കും
കെ റെയില്‍ എംഡി, പദ്ധതിക്കെതിരായ സമരം/ ടിവി ദൃശ്യം
കെ റെയില്‍ എംഡി, പദ്ധതിക്കെതിരായ സമരം/ ടിവി ദൃശ്യം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അതിരടയാള കല്ലിടലുമായി മുന്നോട്ടുപോകുമെന്ന് കെ റെയില്‍ എംഡി അജിത്. കല്ലുകള്‍ പിഴുത സ്ഥലങ്ങളില്‍ വീണ്ടും കല്ലിടും. സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടുന്നതെന്നും എംഡി വി അജിത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

കല്ലിടല്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. മൂന്നു മാസം കൊണ്ട് സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് ലഭിക്കും. 
കല്ലിടീല്‍ തടസ്സപ്പെടുത്തിയാല്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. ഇപ്പോള്‍ കല്ലിടുന്നത് ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയല്ല. കല്ലിടല്‍ വൈകുന്നത് പദ്ധതിയും വൈകാനിടയാക്കും. പദ്ധതി വൈകിയാല്‍ ഒരു വര്‍ഷം 3500 കോടി രൂപയുടെ അധികച്ചെലവ് വരുമെന്ന് എംഡി പറഞ്ഞു. 

സാമൂഹികാഘാത പഠനത്തിന് കല്ലിടല്‍ ഒഴിവാക്കാനാവില്ല. ഏത് ഭൂമിയാണ് ഏറ്റെടുക്കുന്നത് എന്നത് കല്ലിടാതെ അറിയാനാകില്ല. ഭൂമിയെപ്പറ്റിയും ഭൂമി നഷ്ടപ്പെടുന്ന വീട്ടുകാരുടെ അവസ്ഥ, വിദ്യാഭ്യാസം, സാമൂഹികാവസ്ഥ തുടങ്ങിയവയെല്ലാം വിലയിരുത്തും. ഭൂമി നഷ്ടപ്പെടുന്നവരുടെ അഭിപ്രായങ്ങള്‍ വിദഗ്ധര്‍ കേള്‍ക്കും. 

ഇപ്പോള്‍ ഇടുന്നത് യഥാര്‍ത്ഥ അതിരല്ല. സാമൂഹികാഘാത പഠന റിപ്പോര്‍ട്ടിന് ശേഷമാണ് അന്തിമ അതിര് നിശ്ചയിക്കുക. അതിന് വീണ്ടും കല്ലിടും. കെ റെയില്‍ പാതയ്ക്ക് അഞ്ചു മീറ്റര്‍ ബഫര്‍ സോണ്‍ ആയിരിക്കും. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. അതിനടുത്ത അഞ്ചു മീറ്ററില്‍ അനുവാദത്തോടെയുള്ള നിര്‍മ്മാണങ്ങളേ അനുവദിക്കൂ എന്നും കെ റെയില്‍ എംഡി പറഞ്ഞു. 

കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയാല്‍ മാത്രമേ ഭൂമി ഏറ്റെടുക്കൂ. നഷ്ടപരിഹാരം നല്‍കിയശേഷമാകും ഭൂമി ഏറ്റെടുക്കുക. സില്‍വര്‍ ലൈന്‍ സര്‍വേ നിയമാനുസൃതമാണ്. കെ റെയില്‍ കുറ്റികള്‍ സ്ഥാപിക്കുന്നതിന് കോടതി അനുവാദം നല്‍കിയിട്ടുണ്ടെന്നും, കല്ലിടലുമായി മുന്നോട്ടു പോകുമെന്നും എംഡി അജിത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com