'വിഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് നടക്കട്ടെ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 11:45 AM  |  

Last Updated: 22nd March 2022 11:45 AM  |   A+A-   |  

ep_jayarajan

ഇപി ജയരാജന്‍/ഫയല്‍

 

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ സര്‍വെയ്ക്ക് എതിരായ സമരത്തില്‍ ബഹുജനങ്ങള്‍ ഇല്ലെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. കോലാഹലങ്ങള്‍ ഉണ്ടാക്കുന്നത് റെഡിമെയ്ഡ് പ്രതിഷേധക്കാരാണെന്ന് ജയരാജന്‍ പറഞ്ഞു. 

പൊലീനെ കൊണ്ട് നടപടിയെടുപ്പിക്കാന്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ്. ചില സ്ത്രീകളെയും കുട്ടികളെയും സമരത്തിന് ഇറക്കി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പ്രതിഷേധിക്കുന്നവരും പദ്ധതിയെ എതിര്‍ക്കുന്നവരും രാജ്യത്തിന് വേണ്ടി ചിന്തിക്കുന്നവര്‍ അല്ല. കെ റെയില്‍ വിരുദ്ധ സമരത്തില്‍ ജനങ്ങളില്ല. ഇത്തരം പദ്ധതികള്‍ വേണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ മുന്നോട്ട് വരികയാണ്. കെ റെയിലിന് വേണ്ടി സ്ഥലം നല്‍കാന്‍ തയ്യാറാവുകയാണ്. ചില വിവരദോഷികള്‍, തെക്കും വടക്കുമില്ലാത്ത കുറേയെണ്ണം അവരാണ് പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസിലെ നേതൃത്വം തന്നെ കുറേ വഷളന്‍മാരുടെ കയ്യിലാണ്. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സമര പരിപാടികള്‍. എന്നാല്‍ കെ റെയില്‍ പദ്ധതി ജനങ്ങള്‍ക്ക് വേണ്ടിയാണ്, എന്ത് വന്നാലും അത് നടപ്പിലാക്കുമെന്നും ജയരാജന്‍ പറഞ്ഞു.

വിഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് നടക്കട്ടെ. ഇപ്പോള്‍ കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ പിന്തുണയ്ക്ക് എത്തുന്ന കാലമുണ്ടാവും. കിഫ്ബിയെ എതിര്‍ത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇപ്പോള്‍ അവര്‍ രാവിലെ തലയില്‍ മുണ്ടിട്ട് കിഫ്ബി ഓഫീസിന് മുന്നില്‍ പോയി ഇരിക്കുകയാണ്. അവരുടെ എംഎല്‍എമാര്‍ ഇപ്പോള്‍നടക്കുന്നത് കിഫ്ബിയില്‍ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാനാണ്. വികസനം നടക്കണമെങ്കില്‍ കിഫ്ബി വേണം. കെ റെയിലിന് എതിരെ പ്രതിഷേധിച്ചതിനേക്കാള്‍ കിഫ്ബിക്ക് എതിരെ സംസാരിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അത്തരത്തിലുള്ള അവരായിരിക്കും ആദ്യം സില്‍വര്‍ ലൈനില്‍ കയറുക എന്നും ഇപി ജയരാജന്‍ പറഞ്ഞു.