ആറ് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 08:17 PM  |  

Last Updated: 24th March 2022 08:17 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടില്‍ നിന്നും ആറ് കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറീസയിലെ നയാഗര്‍ സ്വദേശി കാര്‍ത്തിക്ക് മാലിക്ക്,ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെ കസബ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ജയകുമാറിന്റെ കീഴിലുള്ള സിറ്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പിടികൂടിയത്. 

സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ  സംസ്ഥാന വ്യാപകമായി നടന്നു വരുന്ന നടപടികളുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡിഐജി എ.വി. ജോര്‍ജ്ജ് ഐ പി എസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍  റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം മാങ്കാവിലെ മറ്റൊരു വീട്ടില്‍ നടന്ന റെയ്ഡില്‍ ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് വില്പനയും ഉപയോഗവും  നടക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന്  ലഭിച്ചിരുന്നതിന്റെ  അടിസ്ഥാനത്തില്‍ ഈ പ്രദേശം ഡന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ഒറീസയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് കേരളത്തില്‍ എത്തിച്ച് കച്ചവടം നടത്തുന്ന കോഴിക്കോട് ജില്ലയിലെ മുഖ്യകണ്ണികളാണ് ഇപ്പോള്‍ പിടിയിലായത്. ഒറീസയില്‍ നിന്നും കിലോഗ്രാമിന് അയ്യായിരം  രൂപക്ക് വാങ്ങുന്ന കഞ്ചാവ് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ് ഇവര്‍ കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നത്. 

ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചു വെച്ചിട്ടുള്ള മറ്റു വാടക വീടുകളെ കുറിച്ച്  സൂചന ലഭിച്ചിട്ടുണ്ടെന്നും, ഇവര്‍ക്ക് വീടുകള്‍ വാടകക്ക് നല്‍കിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ നടത്തുന്നതായിരിക്കുമെന്നും എസിപി  ടി. ജയകുമാര്‍ പറഞ്ഞു.