കൊച്ചി: ഇന്ന് മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ശനിയും ഞായറും ബാങ്ക് അവധി ദിനങ്ങളാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി ബാങ്കുകൾ പ്രവർത്തിക്കില്ല. അതേസമയം സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും.
ബാങ്ക് ജീവനക്കാരുടെ ഒൻപത് സംഘടനകളിൽ സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ മൂന്ന് സംഘനടകൾ സംസ്ഥാനത്ത് പണി മുടക്കുന്നുണ്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തിൽ പങ്കെടുക്കുന്നത്. പണിമുടക്കു കഴിഞ്ഞു 30, 31 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കും. അടുത്ത ആഴ്ച മൂന്നു ദിവസങ്ങളിൽ മാത്രമാകും ബാങ്ക് പ്രവർത്തിക്കുക. ഏപ്രിൽ ഒന്നിനു വാർഷിക ക്ലോസിങ് ദിനമായതിനാൽ പ്രവർത്തിക്കില്ല. ഏപ്രിൽ 2നു പ്രവർത്തിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസി ബാങ്ക് പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാനിടയില്ല. പ്രധാന സംഘടന പണിമുടക്കിൽ പങ്കെടുക്കാത്തത് കാരണം സ്റ്റേറ്റ് ബാങ്കിൻറെ പ്രവർത്തനങ്ങളും തടസപ്പെടില്ലെന്ന് ജീവനക്കാർ അറിയിച്ചു.
സഹകരണ ബാങ്കുകൾ
സഹകരണ ബാങ്കുകൾക്ക് ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സഹകരണ രജിസ്ട്രാറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ന് പൂർണമായും നാളെ അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. തിങ്കൾ, ചൊവ്വ ദേശീയ പണിമുടക്കിനെ തുടർന്നാണ് ശനി, ഞായർ ദിവസങ്ങളിലെ അവധി റദ്ദാക്കി ഉത്തരവിറക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates