'കരുണയുടെ ഗുണഫലങ്ങള്‍ അനുഭവിച്ചതിന്റെ നന്ദി വേണം'; തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസൂയ: സജി ചെറിയാന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 07:52 PM  |  

Last Updated: 26th March 2022 07:52 PM  |   A+A-   |  

saji_cherian_1

സജി ചെറിയാന്‍ വിശദീകരണ യോഗത്തില്‍ സംസാരിക്കുന്നു/ വീഡിയോ സ്‌ക്രീന്‍ഷോട്ട്


ചെങ്ങന്നൂര്‍: തനിക്കെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. ആരോപണം തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാം. തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ കുറേ ആളുകള്‍ക്ക് അസൂയയുണ്ട്. സിപിഎം അനുഭാവികള്‍ പോലും കള്ള പ്രചാരണങ്ങളില്‍ വീഴുന്നു എന്നും സജി ചെറിയാന്‍ പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ കൊഴുവല്ലൂരില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

കരുണ പാലിയേറ്റീവിന്റെ ഗുണ ഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നന്ദി വേണം. ജനകീയ ലാബുകള്‍ വീട്ടിലെത്തുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്ന ആരോപണവും സജി ചെറിയാന്‍ ആവര്‍ത്തിച്ചു. 

സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു'; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. 
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ 32 ലക്ഷത്തിന്റെ സ്വത്ത് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം, കെ റെയില്‍ വിവാദത്തിനിടെ തനിക്ക് അഞ്ച് കോടി സ്വത്തുണ്ട് എന്ന് മാധ്യമങ്ങളിലൂടെ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് അനധികൃത സ്വത്താണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്. വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോകായുക്ത എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

202122 സാമ്പത്തിക വര്‍ഷത്തില്‍ 32 ലക്ഷം രൂപയില്‍ നിന്നും 5കോടിയയി തന്റെ സമ്പാദ്യം വളര്‍ത്തിയതിന് പിന്നില്‍ അഴിമതിയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ സജി ചെറിയാന്‍ മറ്റു ബിസിനസുകള്‍ ചെയ്യുന്നതായി വിവരം നല്‍കിയിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തി അനധികൃതമായി സമ്പാദിച്ചതാണ് അഞ്ചുകോടി രൂപയെന്ന് മന്ത്രിയുടെ പ്രസ്താവനയില്‍ തന്നെ തെളിഞ്ഞിട്ടുള്ളതായും പരാതിയില്‍ ആരോപിക്കുന്നു. മന്ത്രിയുടെ സാമ്പത്തിക സ്രോതസ്സുകളും ഇടപെട്ട മറ്റു ഇടപാടുകളും അനിവേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.