ആരുപറഞ്ഞിട്ടാണ് കല്ലിടുന്നത്?;സില്‍വര്‍ലൈനില്‍ ദുരൂഹത തുടരുന്നു; സര്‍ക്കാര്‍ വെബ്‌സൈറ്റിലും ഡിപിആറിലും വ്യത്യസ്തമായ വിവരങ്ങള്‍; വിഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 01:21 PM  |  

Last Updated: 26th March 2022 01:21 PM  |   A+A-   |  

VD Satheesan

വി ഡി സതീശന്‍ / ഫയല്‍

 

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ആര് പറഞ്ഞിട്ടാണ് കല്ലിടുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. റവന്യൂവകുപ്പ് അല്ല കല്ലിടുന്നതെന്നാണ് റവന്യൂമന്ത്രി പറയുന്നത്. കല്ലിടുന്നത് കെ റെയില്‍ കോര്‍പ്പറേഷനാണെന്ന് അവര്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ ദുരൂഹത തുടരുകയാണെന്നും സതീശന്‍ പറഞ്ഞു. 

ബഫര്‍ സോണ്‍ ഇല്ലെന്ന് സജി ചെറിയാന്‍ പറയുന്നു. എംഡി പറയുന്നു ബഫര്‍ സോണ്‍ ഉണ്ടെന്ന്. പദ്ധതിയുടെ ചെലവിന് പറ്റി മുഖ്യമന്ത്രി പറയുന്നതല്ല പാര്‍ട്ടി സെക്രട്ടറി പറയുന്നത്. എല്ലാകാര്യങ്ങളിലും പരസ്പരവിരുദ്ധമായാണ് പറയുന്നത്.വകുപ്പുകള്‍ തമ്മില്‍ കോര്‍ഡിനേഷന്‍ ഇല്ല. മുഖ്യമന്ത്രിയും റെയില്‍ കോര്‍പ്പറേഷനും തമ്മില്‍ കോര്‍ഡിനേഷന്‍ ഇല്ല. ആറ് മാസം മുന്‍പ് കെറെയില്‍ നല്‍കിയ കുറിപ്പാണ് ഇപ്പോഴും മുഖ്യമന്ത്രി വായിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു

സമരത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അക്രമം നടത്താനില്ല. കല്ലുകള്‍ പിഴുതെറിയുമെന്നത് ഞങ്ങളുടെ സമരരീതിയാണ്. സമരക്കാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് എടുക്കുമെന്ന് പൊലീസ് പറയുന്നത്. അത്തരം ഭിഷണിവേണ്ട. മൂന്ന് ദിവസമായി സംസ്ഥാനത്ത് ബസ് സമരം നടക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ? പൊതുഗതാഗതം എന്നുവച്ചാല്‍ സില്‍വര്‍ ലൈന്‍ മാത്രമാണെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുക്കുന്നു. എല്ലാ ശ്രദ്ധയും സില്‍വര്‍ലൈന്‍ പദ്ധതിയില്‍ മാത്രമാണെന്നും സതീശന്‍ പറഞ്ഞു