ഭൂമി ഏറ്റെടുക്കുന്നത് സാമൂഹികാഘാത പഠനത്തിന് ശേഷം മാത്രം; തെറ്റിദ്ധാരണ വേണ്ട: കെ രാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 02:51 PM  |  

Last Updated: 27th March 2022 02:51 PM  |   A+A-   |  

rajan

ഫയല്‍ ചിത്രം

 

തൃശൂര്‍: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുക സാമൂഹികാഘാത പഠനത്തിന് ശേഷം മാത്രമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുടെ ആവശ്യമില്ല. എല്ലാം നടപടിക്രമം അനുസരിച്ച് മാത്രമാണ് നടപ്പാക്കുകയെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിലെ സര്‍വേ ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടിയാണെന്നുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

വിജ്ഞാപനം സംബന്ധിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ല. എല്ലാം നടപടി ക്രമമനുസരിച്ചാണ് നടക്കുന്നത്. ആളുകള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രമാണ്. ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല. സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ.

ഭൂമി ഏറ്റെടുത്തുവെന്ന് സര്‍ക്കാറിന് പ്രഖ്യാപിക്കാന്‍ പറ്റില്ല. ആ ഭൂമിയില്‍ സാമൂഹികമായ എന്തെങ്കിലും പ്രത്യാഘാതമുണ്ടോയെന്ന് നോക്കണം. ജനങ്ങളുടെ അഭിപ്രായം അറിയണം- മന്ത്രി പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ലിടുന്നത് സാമൂഹിക ആഘാത പഠനത്തിനാണെന്ന വാദങ്ങള്‍ പൊളിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നിരുന്നു. ഇപ്പോള്‍ നടക്കുന്ന സര്‍വേ ഭൂമിയേറ്റെടുക്കലിനായി തന്നെയെന്ന് വിജ്ഞാപനം പറയുന്നു. ഇത് സംബന്ധിച്ച് സില്‍വര്‍ലൈന്‍ കടന്നുപോവുന്ന മുഴുവന്‍ ജില്ലകളിലെയും കലക്ടര്‍മാര്‍ 2021 ഒക്ടോബര്‍നവംബര്‍ മാസങ്ങളില്‍ തന്നെ വിജ്ഞാപനമിറക്കിയിട്ടുണ്ട്.

സര്‍വേക്ക് വേണ്ടി മരങ്ങളും മറ്റും മുറിച്ചുമാറ്റാമെന്നും അടയാളങ്ങള്‍ സ്ഥാപിക്കാമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. സാമൂഹികാഘാത പഠനത്തിനായി മാത്രമാണ് സര്‍വേ നടപടികളെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത് ഈ ഉത്തരവ് മറച്ചുവെച്ചുകൊണ്ടാണ്. എന്നാല്‍ ഇത് സാങ്കേതിക നടപടിക്രമം മാത്രമാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സാമൂഹികാഘാത പഠനത്തിനായി പിന്നീട് പുതിയ ഉത്തരവുകള്‍ ഇറങ്ങിയെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. സില്‍വിര്‍ലൈനിനായി സ്ഥലം ഏറ്റെടുക്കണം, അതിന്റെ ഭാഗമായി പട്ടിക തിരിച്ച് ഭൂസര്‍വേ നടത്തണം എന്നാണ് കലക്ടര്‍മാര്‍ വിജ്ഞാപനത്തിലൂടെ നിര്‍ദേശിക്കുന്നത്.