'അഹിന്ദുവിന്റെ നൃത്തം വേണ്ട'; കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന് നര്‍ത്തകി

ഉത്സവ നോട്ടീസില്‍ പേര് അച്ചടിച്ചു വന്നശേഷമാണ് വിവേചനം നേരിടേണ്ടി വന്നതെന്നും മന്‍സിയ  പറയുന്നു
മന്‍സിയ/ ഫെയ്‌സ്ബുക്ക് ചിത്രം
മന്‍സിയ/ ഫെയ്‌സ്ബുക്ക് ചിത്രം

തൃശൂര്‍: അഹിന്ദുവാണെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ അവസരം നിഷേധിച്ചെന്ന് നര്‍ത്തകി. തൃശൂര്‍ കൂടല്‍ മാണിക്യ ക്ഷേത്രത്തിലാണ് മതപരമായ വിവേചനം നേരിട്ടതെന്നും, ഉത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നും നര്‍ത്തകി മന്‍സിയ ആരോപിച്ചു. ഉത്സവ നോട്ടീസില്‍ പേര് അച്ചടിച്ചു വന്നശേഷമാണ് വിവേചനം നേരിടേണ്ടി വന്നതെന്നും മന്‍സിയ സമൂഹമാധ്യമക്കുറിപ്പില്‍ പറയുന്നു.

ഏപ്രില്‍ 21 ന് വൈകീട്ട് നാലു മുതല്‍ അഞ്ചുവരെ മന്‍സിയയുടെ ഭരതനാട്യം എന്നാണ് നോട്ടീസില്‍ അച്ചടിച്ചിട്ടുള്ളത്. എന്നാല്‍ ഈ നൃത്തപരിപാടി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ വിളിച്ച് അറിയിച്ചുവെന്നാണ് മന്‍സിയ പറയുന്നത്. അഹിന്ദു ആയതിനാല്‍ നൃത്തം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞതോടെ ഹിന്ദുമതത്തിലേക്ക് മാറിയോ എന്നും ചോദിച്ചിരുന്നുവത്രെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ഉത്സവത്തിനോട് അനുബന്ധിച്ച് ലഭിച്ച അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നുവെന്നും മന്‍സിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള "നൃത്തോൽസവത്തിൽ"
ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.
നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
 വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
#മതേതര കേരളം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com