'ജനങ്ങളെ എതിര്‍ത്ത് മുന്നോട്ടുപോകാനാകില്ല'; സില്‍വര്‍ ലൈനിന് എതിരെ എന്‍എസ്എസ്

കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്ന് എന്‍എസ്എസ്
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍/ ഫയല്‍
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍/ ഫയല്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്ന് എന്‍എസ്എസ്. ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുക എന്നത് സര്‍ക്കാരിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്ന് എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു. ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. ദീര്‍ഘ വീക്ഷണം ഇല്ലാതെ സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി ജനക്ഷേമകരമാകില്ലെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണം. ജനങ്ങളെ എതിര്‍ത്ത് മുന്നോട്ടു പോകാനാവില്ല. പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭമാകുമെന്ന് ഉറപ്പില്ലെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടി. 

സമരം സുപ്രീംകോടതിക്ക് എതിരെ: കോടിയേരി

സില്‍വര്‍ ലൈനിനെതിരെ യുഡിഎഫ് ഇപ്പോള്‍ നടത്തുന്ന സമരം സുപ്രീം കോടതിക്കെതിരെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധി കണക്കിലെടുത്ത് നിയമവാഴ്ചയോടും ജ്യൂഡിഷ്യറിയോടും കൂറുള്ളവരാണെങ്കില്‍ സമരം നിര്‍ത്തിവയ്ക്കുകയാണ് വേണ്ടത്. പ്രതിപക്ഷം പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്നും കോടിയേരി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു..

സില്‍വര്‍ ലൈന്‍ സര്‍വെ നടത്താന്‍ സുപ്രീം കോടതി അനുവാദം നല്‍കിയതാണ്. സുപ്രീം കോടതി വിധിക്ക് മുന്‍പുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിഞ്ഞത് വീട്ടുകാരല്ല. യുഡിഎഫുകാരാണ്. യുഡിഎഫ് പിഴുത കല്ലുകള്‍ വീട്ടുകാര്‍ തന്നെ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതിന് എല്‍ഡിഎഫ് സഹായിക്കുമെന്നും കോടിയേരി പറഞ്ഞു.

ഇപ്പോള്‍ കല്ലിടുന്നത് സാമൂഹ്യാഘാതപഠനത്തിനാണ്. സില്‍വര്‍ ലൈനിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ അവര്‍ക്ക് നോട്ടീസ് നല്‍കും. അതിന് ശേഷം പബ്ലിക് ഹിയറിങ് നടത്തും. വീടും കെട്ടിടങ്ങളും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം എങ്ങനെ വേണമെന്ന കാര്യം അവരുമായി ചര്‍ച്ചചെയ്യും. അതില്‍ വിദഗ്ധരും ജനപ്രതിനിധികളുമുണ്ടാകും. ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും. അവരുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com