ഉപദ്രവിച്ചയാൾ ബസിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ ഓടി ആളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് 21 കാരി; മാതൃക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 10:22 AM  |  

Last Updated: 31st March 2022 10:22 AM  |   A+A-   |  

arathy_kannur

 

കണ്ണൂർ; ബസിൽ വച്ച് തന്നെ ഉപദ്രവിച്ച ആളെ ഓടിച്ചിട്ട് പിടിച്ച് പൊലീസിനെ ഏൽപ്പിച്ച് 21 കാരി. കണ്ണൂർ കരിവെള്ളൂര്‍ സ്വദേശിയായ പിടി ആരതിയാണ് തന്റെ ആത്മധൈര്യം കൊണ്ട് പുതിയ മാതൃക സൃഷ്ടിച്ചത്. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോഴാണ് ആരതിയ്ക്ക് മോശം അനുഭവമുണ്ടായത്. പ്രതികരിച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി ഓടി. എന്നാൽ ഇയാളെ വിടാതെ പിന്തുടർന്ന് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസമാണ് കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ആരതി കയറിയത്. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. അതിനിടെ കണ്ടക്ടറിനോട് കാര്യം പറഞ്ഞപ്പോൾ അയാളോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. എന്നാൽ ഇയാളെ വിടരുതെന്നും പൊലീസിനെ ഏൽപ്പിക്കണമെന്നും ആരതി പറഞ്ഞു. പിങ്ക് പൊലീസിനെ വിളിക്കാനായി ഫോൺ എടുത്തപ്പോഴേക്കും ഇയാൾ ബസിൽ നിന്ന് ഇറങ്ങി ഓടി. 

ഇയാളെ പിടിക്കാനായി ആരതി പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തു. ഒടുവില്‍ അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പോലീസിനെയും വിവരമറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാണെന്ന് വ്യക്തമായത്. സോഷ്യൽ മീഡിയയിലൂടെയാണ് പെൺകുട്ടി തന്റെ അനുഭവം പങ്കുവച്ചത്. നമ്മുടെ സുരക്ഷ നമ്മുടെ കയ്യിൽ തന്നെയാണെന്നും പൊലീസിനെ വിളിക്കാനോ മറ്റ് സുരക്ഷാ മാർ​ഗങ്ങൾ തേടാനോ മടി കാണിക്കരുതെന്നും ആരതി പറഞ്ഞു.