'റിപ്പോര്‍ട്ട് പുറത്തുവിടണോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്; എന്തിന് വാശി പിടിക്കുന്നു?': മന്ത്രി സജി ചെറിയാന്‍

നിയമം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടുകൂടി, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്
സജി ചെറിയാന്‍/ഫയല്‍
സജി ചെറിയാന്‍/ഫയല്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിടില്ലെന്ന് സിനിമാമന്ത്രി സജി ചെറിയാന്‍. ജസ്റ്റിസ് ഹേമ തന്നെ ഈ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരാവകാശ കമ്മീഷനും ഈ രേഖ പുറത്തു വിടരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തത്. സിനിമാമേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനകത്ത് കുറേ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആ നിര്‍ദേശങ്ങള്‍ പഠിച്ച് ഒരു നിയമം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടുകൂടി, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. നാലാം തീയതി വിളിച്ചിട്ടുള്ള സിനിമാ മേഖലയിലെ വിവിധ സംഘടനകളുടെ യോഗത്തില്‍, ഈ നിര്‍ദേശങ്ങളില്‍ അവരുടെ അഭിപ്രായങ്ങളും തേടും. എന്നിട്ട് ആ ഡ്രാഫ്റ്റ് നിയമവകുപ്പിന് കൊടുത്ത് പൂര്‍ണതയില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

നല്ല നിയമം നിര്‍മ്മിച്ച് സിനിമാരംഗത്ത് ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ദീദി ദാമോദരന്‍ പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അവരുടെ അഭിപ്രായം അവര്‍ പറഞ്ഞതിന് നമുക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

റിപ്പോര്‍ട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്. വിടാന്‍ പാടില്ലെന്ന് എഴുതിത്തന്നിരിക്കുന്ന ആളു തന്നെ പറഞ്ഞിരിക്കുമ്പോള്‍ പിന്നെ വിടാന്‍ പറ്റുമോ. അതിനെന്തിനാണ് ഇത്ര വാശി പിടിക്കുന്നത്?. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണല്ലോ എല്ലാവരുടേയും അഭിപ്രായം. അതിന് നിയമം നിര്‍മ്മിക്കുക എന്നതാണ് പോംവഴി. അതിനുള്ള ശ്രമത്തിലാണ് വകുപ്പ്. ഡ്രാഫ്റ്റ് തയ്യാറായിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പ്രസക്തമായ ഭാഗവും നിയമത്തിലുള്‍പ്പെടുത്തും. നാലിന് ചേരുന്ന യോഗത്തിലേക്ക് ഡബ്ലിയുസിസിയെയും വിളിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com