'ആറ്റുകാല്‍ പൊങ്കാലയ്ക്ക് പള്ളി വിട്ടുകൊടുക്കാറുണ്ട്'; പി സി ജോര്‍ജ് മാപ്പ് പറയണം, വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തണം: പാളയം ഇമാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 08:33 AM  |  

Last Updated: 03rd May 2022 08:33 AM  |   A+A-   |  

palayam_imam

പാളയം ഇമാം വി പി ഷുഹൈബ് മൗലവി/ഫയല്‍

 

തിരുവനന്തപുരം: വര്‍ഗീയ പ്രസംഗം നടത്തിയ പി സി ജോര്‍ജ് സമൂഹത്തോട് മാപ്പ് പറയണമെന്ന് പാളയം ഇമാം വി പി ഷുഹൈബ് മൗലവി. പാളയം പള്ളിയില്‍ നടന്ന ഈദ് ഗാഹിലാണ് ഇമാമിന്റെ പ്രതികരണം. 

വര്‍ഗീയ പ്രസംഗക്കാരെ ഒറ്റപ്പെടുത്തണം. ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവര്‍ ആയാലും മാറ്റി നിര്‍ത്തണം. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ കയ്യടിക്കരുത്. ഈ പരിപ്പ് ഇവിടെ വേവില്ല എന്നു പറയണം. അദ്വൈതാശ്രമത്തിലും ഈദ് ഗാഹ് നടക്കുന്നുണ്ട്. ആറ്റുകാല്‍ പൊങ്കാല കാലത്ത് പാളയം പള്ളി വിട്ടുകൊടുക്കാറുണ്ട്. അതാണ് നാടിന്റെ പാരമ്പര്യം.-അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമത്തില്‍ പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. 'കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു.' തുടങ്ങിയ ആരോപണങ്ങളാണ് പി സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞത്. 

പ്രസംഗം വിവാദമായതിന് പിന്നാലെ പി സി ജോര്‍ജിനെതിരെ കേസെടുക്കയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പി സി, താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു എന്ന് പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 'മാനവികതയുടെ മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ക്കണം'; മുഖ്യമന്ത്രിയുടെ പെരുന്നാള്‍ ആശംസ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ