പിഴവ് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ല, കർശന നടപടി; 110 കടകൾ പൂട്ടിച്ചെന്ന് വീണാ ജോർജ്  

5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്
വിണാ ജോര്‍ജ്
വിണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വിഭാ​ഗം നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 110 കടകൾ പൂട്ടിച്ചു. തിങ്കളാഴ്ച മുതൽ കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉൾപ്പെടെ ആകെ 110 കടകൾ പൂട്ടിച്ചു. 

ഭക്ഷണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പിഴവ് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. 347 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരിൽ പുതിയൊരു കാമ്പയിൻ ആരംഭിച്ചിരുന്നു. ഈ കാമ്പയിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയിരുന്നു. കാമ്പയിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താൻ ഓപ്പറേഷൻ മത്സ്യ, ശർക്കരയിലെ മായം കണ്ടെത്താൻ ഓപ്പറേഷൻ ജാഗറി എന്നിവ ആവിഷ്‌ക്കരിച്ച് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ വെളിച്ചെണ്ണ, കറി പൗഡറുകൾ, പാൽ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കുന്നതാണ്. 

ഇന്ന് തിരുവനന്തപുരത്ത് ഏഴ് ഹോട്ടലുകൾ പൂട്ടിച്ചു. കോട്ടയത്ത്‌ ആറ് ഇടങ്ങളിൽ മുന്നറിയിപ്പ് നോട്ടീസ് നൽകി. വയനാട്ടിൽ മൂന്ന് ഹോട്ടലുകൾക്ക് അടയ്ക്കാൻ നോട്ടീസ് നൽകി. എറണാകുളത്ത് രണ്ട് ഹോട്ടലുകൾ അടപ്പിക്കുകയും നാല് സ്ഥാനപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com