റിഫയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 07:24 PM  |  

Last Updated: 07th May 2022 07:25 PM  |   A+A-   |  

rifa_mehnu

റിഫ മെഹ്നു /ചിത്രം; ഇൻസ്റ്റ​ഗ്രാം

 

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ശ്വാസം മുട്ടിച്ചാണോ അതോ  വിഷപദാർത്ഥങ്ങൾ ഉളളിൽ ചെന്നാണോ മരണം സംഭവിച്ചത് എന്നറിയാനുളള പരിശോധനയാണ് പുരോഗമിക്കുന്നത്. തലയോട്ടിക്കുൾപ്പടെ ക്ഷതം സംഭവിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്. റിഫയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും. 

കോഴിക്കോട് തഹസിൽദാറുടെ മേൽനോട്ടത്തിൽ പാവണ്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽനിന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരുമാണ് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടപടികൾ നടന്നത്. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച ശേഷം മൃതദേഹം മറവ് ചെയ്യാൻ വിട്ടുനൽകി. എംബാം ചെയ്തതിനാൽ മൃതദേഹം കാര്യമായി അഴുകിയിരുന്നില്ല. 

മാർച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ദുബൈയിൽ പോസ്റ്റ്‌മോർട്ടം നടത്തിയെന്ന് പറഞ്ഞ് ഭർത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം പറയുന്നു. റിഫയുടെ കുടുംബം നൽകിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

'സഭയുടെ വോട്ട് ഉറപ്പ്'- സിറോ മലബാർ സഭാ ആസ്ഥാനത്തെത്തി ഉമ തോമസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ