'സവര്‍ക്കര്‍ കുട' പിന്‍വലിച്ച് പാറമേക്കാവ് ദേവസ്വം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 08th May 2022 07:28 PM  |  

Last Updated: 08th May 2022 07:28 PM  |   A+A-   |  

vd_savarkar_thrissur_pooram

ചിത്രം: ഫെയ്‌സ്ബുക്ക്


തൃശൂര്‍: തൃശൂര്‍ പൂരം കുടമാറ്റത്തിനുള്ള സാമ്പിള്‍ കുടകളില്‍ നിന്ന് വി ഡി സവര്‍ക്കറുടെ ചിത്രമുള്ള കുടകള്‍ നീക്കം ചെയ്ത് പാറമേക്കാവ് ദേവസ്വം. സവര്‍ക്കറുടെ ചിത്രം അടങ്ങിയ കുടകള്‍ ഉള്‍പ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് നടപടി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ രാജനും സര്‍ക്കാര്‍ അതൃപ്തി പാറമേക്കാവ് ദേവസ്വത്ത അറിയിച്ചു എന്നാണ് സൂചന.  

സ്വാതന്ത്ര്യ സമര സേനാനികളുടെയും നവോത്ഥാന നായകന്‍മാരുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെയും ചിത്രം ഇടംപിടിച്ചത്. പാറമേക്കാവ് ചമയപ്രദശനത്തിലാണ് സവര്‍ക്കറിന്റെ ചിത്രമുള്ള കുടകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സവര്‍ക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നില്‍കുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.

പാറമേക്കാവ് ദേവസ്വത്തിന്റെ നടപടിക്ക് എതിരെ കോണ്‍ഗ്രസും എഐവൈഎഫും രംഗത്തുവന്നിരുന്നു. 'ലജ്ജാകരം' എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍ കുറിച്ചത്.തൃശൂര്‍ പൂരത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തെ പൊതുജനം തള്ളിക്കളയണമെന്നും പാറമേക്കാവ് വിഭാഗം സ്‌പെഷ്യല്‍ കുടയില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്നും എഐവൈഎഫ് പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം തൃശൂര്‍ പൂരം കുടയില്‍ സവര്‍ക്കര്‍; സംഘപരിവാര്‍ അജണ്ടയെന്ന് വിമര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ