അപകടകരമായ രീതീയില്‍ വാഹനം ഓടിച്ചു; ഓഫ് റോഡ് റൈഡില്‍ ജോജു ജോര്‍ജിന് നോട്ടീസ് നല്‍കുമെന്ന് ആര്‍ടിഒ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2022 08:25 PM  |  

Last Updated: 09th May 2022 08:25 PM  |   A+A-   |  

joju george ksu

ജോജു ജോർജ്/ ഫേസ്ബുക്ക്

 

തൊടുപുഴ: വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കും. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് നടപടി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോയിന്റ് ആര്‍ടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആര്‍ടിഒ അറിയിച്ചു. 

സംഭവത്തില്‍ കെഎസ് യു പരാതി നല്‍കിയിരുന്നു. ജോജു ജോര്‍ജ്‌
അപകടകരമായ രീതിയില്‍ ഓഫ് റോഡ് റൈഡില്‍ വാഹനം ഓടിക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ഇടുക്കി ജില്ല പ്രസിഡന്റ് ടോണി തോമസ്  മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് നടന് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.  

പരിപാടിയുടെ സംഘാടകര്‍ക്കും നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓഫ് റോഡ് അസ്സോസിയേഷന്‍ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്. വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു ഇത്.  പൊതു സ്ഥമാണോ അതോ സ്വകാര്യ സ്ഥലത്താണോ എന്നത് സംബന്ഝിച്ചും പരിശോധന നടത്തും. മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഇടുക്കി ആര്‍ടിഒ പറഞ്ഞു. 

ഇടുക്കിയില്‍ ഓഫ് റോഡ് റെയ്‌സുകള്‍ കളക്ടര്‍ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയത്. സംഭവം സംബന്ധിച്ച് ജോയിന്റ് ആര്‍ടിഒ യുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ പറഞ്ഞു. അതേ സമയം എല്ലാ വിധ സുരക്ഷ സംവിധനങ്ങളും ഒരുക്കിയിരുന്നുവെന്നും പരിചയ സമ്പന്നരായ ആളുകളാണ് വാഹനം ഓടിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.