പുനര്‍വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കേ മരണം, ഹാരിസ് 'ആത്മഹത്യ ചെയ്യില്ല'; ഷൈബിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 01:55 PM  |  

Last Updated: 12th May 2022 01:55 PM  |   A+A-   |  

haris

ഹാരിസ്

 

മലപ്പുറം: നിലമ്പൂരില്‍ മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ വ്യവസായി ഷൈബിന്‍ അഷ്‌റഫിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. സുഹൃത്ത് ഹാരിസിനെ ഷൈബിനാണ് കൊലപ്പെടുത്തിയതെന്ന് മാതാവും സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു.

2020 മാര്‍ച്ചിലാണ് മുക്കം സ്വദേശിയായ ഹാരിസിനെ അബുദാബിയിലെ ഫ്‌ലാറ്റില്‍ കൈ ഞരമ്പ് മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് മാതാവ് സാറാബിയും സഹോദരി ഹാരിഫയും പറയുന്നു. ഇതുവരെ പരാതിപ്പെടാതിരുന്നത് ഷൈബിനെ ഭയന്നിട്ടാണ്. പ്രതികരിച്ചാല്‍ തങ്ങളെ അപായപ്പെടുത്തുമോ എന്ന് ഭയന്നിരുന്നു. ഷൈബിന്റെ സ്വാധീനത്തെ കുറിച്ച് അറിയാം. അതിനാലാണ് പരാതിപ്പെടാന്‍ ഭയപ്പെട്ടതെന്നും അവര്‍ ആരോപിക്കുന്നു. ഹാരിസ് ആത്മഹത്യ ചെയ്യില്ലെന്ന് ഈസ്റ്റ് മലയമ്മ മഹല്ല് കമ്മിറ്റി സെക്രട്ടറി ടി പി അഹമ്മദ് കുട്ടി പറയുന്നു.

നാട്ടില്‍ വന്ന് പുനര്‍വിവാഹം കഴിക്കാന്‍ തീരുമാനിച്ച് നില്‍ക്കുമ്പോഴാണ് ഹാരിസിന്റെ മരണം. വീടുപണിയും നടന്നുവരികയായിരുന്നു. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസം നാട്ടുകാരോടും വീട്ടുകാരോടും ഫോണില്‍ സംസാരിച്ചിരുന്നു. അതിനാല്‍ ഹാരിസ് ആത്മഹത്യ ചെയ്യില്ലെന്നാണ് നാട്ടുകാരും പറയുന്നത്. 

ഹാരിസും ഷൈബിന്‍ അഷ്‌റഫും വര്‍ഷങ്ങളായി സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായിരുന്നു. ഇടയ്ക്ക് വച്ച് ഇരുവരും തമ്മില്‍ തെറ്റി. ഹാരിസിന്റെ ജീവന് ഭീഷണി നിലനിന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഹാരിസ് സ്വയരക്ഷയ്ക്കായി തോക്കിന് അപേക്ഷിച്ചിരുന്നു. പലതവണ ഷൈബിന്റെ ഭീഷണിയെ കുറിച്ച് ഹാരിസ് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.ഹാരിസിന്റെ സ്വത്തുവകകള്‍ നോക്കി നടത്തിയിരുന്നവരെ പോലും സംഘം ആക്രമിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

'അവളുടെ വായില്‍ തുണിക്കഷ്ണമോ നൂലോ ഉണ്ടോയെന്ന് നോക്കുക, അടുത്തു കിടക്കുന്നത് അവന് മനസ്സിലാവരുത്'; വൈദ്യന്റെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ