

മലപ്പുറം: കുറച്ചുവര്‍ഷം കൊണ്ട് കുടിലില്‍ നിന്ന് കോടീശ്വരനിലേക്ക് എത്തിയ ഷൈബിന്‍ അഷ്‌റഫിന്റെ വളര്‍ച്ച ദുരൂഹം. ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലില്‍നിന്നാണു കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ 350 കോടി രൂപയുടെ ആസ്തിയുള്ളയാളായി ഷൈബിന്‍ അഷ്‌റഫ് വളര്‍ന്നത്.
കുറച്ചുകാലം ബത്തേരിയില്‍ ലോറിയിലെ ക്ലീനറായിരുന്നു ഷൈബിന്‍. ഇടയ്ക്ക് ഓട്ടോറിക്ഷയും ഓടിച്ചിരുന്നു. അതിനിടെ, മാതാവ് ജോലി തേടി ഗള്‍ഫിലേക്കു പോയി. ആ ബന്ധങ്ങള്‍ ഉപയോഗിച്ചാണു ഷൈബിനും ഗള്‍ഫിലെത്തിയത്. പിന്നീട് വളരെ വേഗം സാമ്പത്തികമായി ഉയര്‍ന്നതാണ് നാട്ടുകാരുടെ ഇടയില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്.
മൈതാനിക്കുന്നിലെ കുടിലില്‍നിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലെയും മന്തൊണ്ടിക്കുന്നിലെയും വലിയ വാടകവീടുകളിലേക്കു കുടുംബം താമസം മാറി. 7 വര്‍ഷം മുന്‍പ് ബത്തേരി പുത്തന്‍കുന്നില്‍ ഊട്ടി റോഡരികില്‍ ആഡംബരവസതിയുടെ നിര്‍മാണം ആരംഭിച്ചു. ചോദിച്ചവരോടെല്ലാം അബുദാബിയില്‍ അറബിക്കൊപ്പം ഡീസല്‍ കച്ചവടമെന്നാണു പറഞ്ഞത്. കാര്യമായ സമ്പാദ്യമില്ലാതിരുന്ന ഷൈബിന് ഇന്ധന ബിസിനസിലേക്കിറങ്ങാന്‍ പണം എങ്ങനെ കിട്ടി എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. ഹൂതി വിമതര്‍ക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാട് എന്നു പറയപ്പെടുന്നു.
നാട്ടിലെ കുറെ ചെറുപ്പക്കാരെ ഒപ്പംകൂട്ടിയ ഇയാള്‍ ഇവരില്‍ പലരെയും വിദേശത്തു കൊണ്ടുപോയി. വിശ്വസ്തര്‍ക്ക് കാറും ബൈക്കും സമ്മാനിച്ചു. ചിലര്‍ക്ക് വയനാട്ടില്‍ മീന്‍കടകളും സജ്ജീകരിച്ചു നല്‍കി.
ബത്തേരി പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായുള്ള അടിപിടികളിലൂടെ ഷൈബിന്‍ ക്വട്ടേഷന്‍ ബന്ധങ്ങളും തുടങ്ങി. നാട്ടില്‍ ഷൈബിന്റെ ഉറ്റവരായി 30 പേരാണുണ്ടായിരുന്നത്. ഇവരെ പല ബിസിനസുകളും ഏല്‍പിച്ചു. ഇഞ്ചിക്കൃഷിയിലും കുരുമുളക്, മീന്‍, തുണി കച്ചവടത്തിലും പണം ഇറക്കി. അക്കാലത്തുതന്നെ സംഘാംഗങ്ങളില്‍ പലരും ഷൈബിനെതിരെ തിരിഞ്ഞുതുടങ്ങി. എന്നാല്‍, ഉപദ്രവം ഭയന്നും കേസില്‍പെടുത്തുമെന്ന ഭീഷണിക്കു വഴങ്ങിയും അവരെല്ലാം പിന്‍വാങ്ങി.
അതിനിടെ ഷൈബിനെ വൃക്കരോഗം അലട്ടിത്തുടങ്ങി. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ബിസിനസില്‍ സജീവമായപ്പോഴാണ് അബുദാബിയില്‍ കേസില്‍പെടുന്നത്. 2 വര്‍ഷത്തോളം അവിടെ ജയിലില്‍ കഴിഞ്ഞു. കേസില്‍ കുടുങ്ങിയതോടെ വയനാട്ടിലെ വീടുപണി നിലച്ചു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
