'മുതിര്‍ന്ന പെണ്‍കുട്ടികളെ പരപുരുഷന്‍മാര്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഉപദേശിച്ചതിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നു' 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2022 10:10 AM  |  

Last Updated: 14th May 2022 10:10 AM  |   A+A-   |  

samastha_leader_insult_in_public

വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

 

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിന് സംഘാടകര്‍ക്കെതിരെ പ്രകോപിതനായി സംസാരിച്ച സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാരെ പിന്തുണച്ച് സുന്നി യുവജന സംഘം (എസ്‌വൈഎസ്). മുതിര്‍ന്ന പെണ്‍കുട്ടികളെ പരപുരുഷന്‍മാര്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഉത്തരവാദപ്പെട്ട മുസ്ലിം പണ്ഡിതന്‍ ഉപദേശിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ഇസ്ലാം മതനിയമങ്ങളെ അപഹസിക്കാനും ചിലര്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നു. ഇതിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

'എല്ലാവിധ സൃഷ്ടികളോടും വാത്സല്യവും കാരുണ്യവും കാണിക്കണമെന്ന് പഠിപ്പിച്ച ഇസ്ലാം അവരുടെ അവകാശ സംരക്ഷണത്തിനാവശ്യമായ നിയമങ്ങള്‍കൂടി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇസ്ലാമിലെ ഹിജാബ് നിയമം സ്ത്രീക്ക് സുരക്ഷ നല്‍കിയ ലോകത്തെ ഏറ്റവും മികച്ച നിയമമാണ്. ആ നിയമത്തിന്റെ ഭാഗമാണ് ന്യായമായ കാരണം കൂടാതെ മുസ്ലിം സ്ത്രീകള്‍ അന്യപുരുഷന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടരുതെന്നത്.- പ്രസ്താവനയില്‍ പറയുന്നു. 

ഹിജാബ് നിയമം പൂര്‍ണമായും പാലിച്ചിരുന്ന ഇസ്ലാമിക രാജ്യങ്ങളില്‍ ഒരു സ്ത്രീ പോലും പീഡിപ്പിക്കപ്പെടാതിരിക്കുന്നതും ഈ നിയമം ഭാഗികമായി നടപ്പാക്കുന്ന മുസ്ലിം രാജ്യങ്ങളില്‍ ആപേക്ഷികമായി ഇന്നും സ്ത്രീസുരക്ഷ കൂടുതലാണെന്നതും ചരിത്രവും അനുഭവവുമാണ്. ഇസ്ലാമിലെ ഹിജാബ് നിയമത്തെ പരിഹസിക്കുന്നവര്‍ സ്ത്രീകള്‍ക്കു കൂടുതല്‍ സുരക്ഷ നല്‍കുന്ന നിയമമുണ്ടെങ്കില്‍ അതു മുന്നോട്ടുവയ്ക്കട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.

മലപ്പുറം പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിനിടെയാണ് സംഭവം. സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സംഘാടകര്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ അബ്ദുള്ള മുസ്ലിയാര്‍ ദേഷ്യപ്പെടുകയും സംഘാടകരോട് പ്രകോപിതനായി സംസാരിക്കുകയും ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിദ്യാര്‍ഥിനിയെ ഇറക്കിവിട്ടത് അപലപനീയം; മതനേതൃത്വത്തിന്റെത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത നടപടി; വനിതാ കമ്മീഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ