തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇതുവരെയുള്ള കടമെടുപ്പ് അപകടകരമായ നിലയിലല്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ എടുത്തിള്ളതിനേക്കാള്‍ വളരെ കുറവ് നിലയില്‍ മാത്രമേ കേരളം കടമെടുപ്പ് നടത്തിയിട്ടുള്ളൂവെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷം കടമെടുപ്പിനുള്ള കേന്ദ്രാനുമതി സംബന്ധിച്ച പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
5,000 കോടി രൂപ അഡ്‌ഹോക്കായി വായ്‌പെയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനുവാദം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ത്തന്നെ കടമെടുപ്പു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ ഇതുവരെ സ്വീകരിച്ചുപോരുന്ന രീതികള്‍ക്കു വിരുദ്ധമായ ചില കാര്യങ്ങളില്‍ കേന്ദ്രം ഇപ്പോള്‍ ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമേ കേന്ദ്രത്തിനു ചെയ്യാനാകൂ. കേരളത്തെപ്പോലെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടും കേന്ദ്രം ഇതേ കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 6.9 ശതമാനമാണു കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കടമെടുത്തിരിക്കുന്നത്. മൂന്നു ശതമാനമാണു കടമെടുപ്പു പരിധി. കോവിഡ് മഹാമാരിക്കാലത്ത് ഇത് അഞ്ചു ശതമാനമാക്കിയിരുന്നു. പിന്നീട് ഉപാധികളോടെ ഇത് 4.5 ശതമാനമാക്കി. മൂന്നു ശതമാനമെന്ന സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ടെങ്കില്‍ ഇത്രയധികം വായ്പയെടുക്കാന്‍ കഴിയില്ല. കേരളം നിയമത്തിനുള്ളില്‍നിന്നു മാത്രമേ കാര്യങ്ങള്‍ ചെയ്തിട്ടുള്ളൂ. പരിധിക്കുള്ളില്‍നിന്നു മാത്രമേ കടമെടുപ്പ് നടത്തിയിട്ടുള്ളൂ.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ(എന്‍.എസ്.ഒ.) പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നാണ്യപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കിന്റെ അടിസ്ഥാനത്തിലാണിത്. നിയന്ത്രണമില്ലാതെ കടമെടുപ്പു നടത്തിയാണു മുന്നോട്ടുപോയിരുന്നതെങ്കില്‍ ഈ നിലയില്‍ കേരളത്തിന് എത്താന്‍ കഴിയുമായിരുന്നില്ല. ഭക്ഷ്യധാന്യങ്ങളടക്കമുള്ള വസ്തുക്കള്‍ക്കു മറ്റു നാടുകളെ ആശ്രയിക്കുന്ന ഒരു സംസ്ഥാനത്തിനാണ് ഇത്തരമൊരു നേട്ടമുണ്ടായതെന്നാണു പ്രത്യേകത. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നുവെന്നതിന്റെ തെളിവാണിത്. എടുക്കുന്ന വായ്പകളും അതുപോലെതന്നെയാണ്.
പൊതുവായ കാര്യങ്ങള്‍ക്കാണു കടമെടുക്കുന്നത്. 70 വര്‍ഷത്തെ ചരിത്രത്തില്‍ കടമെടുത്തതിന്റെ തിരിച്ചടവില്‍ കേരളം ഇന്നേവരെ വീഴ്ചവരുത്തിയിട്ടില്ല. വലിയ ബുദ്ധിമുട്ടുവരുമ്പോഴും തിരിച്ചടവില്‍ വീഴ്ചവരുത്താതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു. പദ്ധതി വിനിയോഗം ഏറ്റവും കൂടുതല്‍ നടത്തിയ വര്‍ഷമാണു കടന്നുപോയത്. കോവിഡിന്റെ സാഹചര്യത്തില്‍ എല്ലാ മേഖലകളിലും പണം എത്തിക്കണമെന്നതായിരുന്നു സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ഇതു പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates