കിച്ചൂ എന്ന് നീട്ടിവിളിച്ചാല്‍ മതി, ഓടിയെത്തും; മലയണ്ണാനും മനുഷ്യനും തമ്മില്‍ അപൂര്‍വ സൗഹൃദം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2022 02:31 PM  |  

Last Updated: 17th May 2022 02:39 PM  |   A+A-   |  

Indian_giant_squirrel

'കിച്ചു' മലയണ്ണാനും അജിലും

 

തിരപ്പിള്ളി തവളക്കുഴിപ്പാറ ആദിവാസി കോളനിക്കടുത്തുള്ള പോത്തുപാറയിലെ അജിലിനും കുടുംബത്തിനും ഒരു കളിക്കൂട്ടുകാരനുണ്ട്. 'കിച്ചു' എന്ന മലയണ്ണാന്‍. പേരൊന്ന് നീട്ടിവിളിച്ചാല്‍ കാട്ടിലെ ഏതുമരത്തിലായാലും കിച്ചു പാഞ്ഞെത്തും.

പതിനെട്ടുകാരന്‍ അജിലിന്റെ തോളിലും മറ്റും പരതിയും പിന്നെ തൊട്ടടുത്ത മരത്തില്‍ കയറിയിറങ്ങിയും അവന്‍ വികൃതി കാട്ടും. കൊടുക്കുന്ന ഭക്ഷണവും അകത്താക്കും. വിശക്കുന്ന നേരത്ത് വിളിച്ചില്ലെങ്കിലും കിച്ചു ഭക്ഷണം തേടിയെത്തും. ചിലപ്പോള്‍ അജിലിന്റെ കുടിലിലേക്കും പോയി മറ്റുള്ളവരുമായി സ്‌നേഹം കൂടും. ഇവിടെയുള്ളവരെല്ലാം ഇവന് ഇഷ്ടക്കാരും പരിചയക്കാരുമാണ്. 

ഒരു വര്‍ഷം മുന്‍പ് തേന്‍ ശേഖരിക്കാന്‍ അജിലും സഹോദരങ്ങളും ഉള്‍ക്കാട്ടിലേക്ക് പോയിരുന്നു. മരങ്ങള്‍ക്കിടയില്‍ വീണുകിടന്ന കൂട്ടില്‍ ഒരു മലയണ്ണാന്‍ കുഞ്ഞുമുണ്ടായിരുന്നു. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇതിനെ ഉപേക്ഷിക്കാന്‍ അജിലിനായില്ല. വീട്ടിലെത്തിച്ച് പരിചരിച്ചു. മുറിവുകള്‍ ഭേദമാകുന്നതിനിടെ ഇവന്‍ വീട്ടുകാര്‍ക്ക് കണ്ണിലുണ്ണിയായി. 

 

അജിലിന്റെ അമ്മ ആത്തി അമ്മ, സഹോദരങ്ങള്‍ വിനീത്, അര്‍ജുന്‍ എന്നിവരുടെ കളിത്തോഴനായി. സഹോദരിമാരായ അഞ്ജലിയും അനുമോളുമെല്ലാം കിച്ചുവിന്റെ പ്രിയപ്പെട്ടവരാണ്. സുഖം പ്രാപിച്ച മലയണ്ണാന്‍ കുഞ്ഞിനെ കാട്ടിലേക്ക് വിട്ടെങ്കിലും ഇവന്റെ ലോകം ഇവിടെത്തന്നെയായി. ദിവസവും പലതവണയും വിളിച്ചിട്ടും വിളിക്കാതെയും കിച്ചു അജിലിന്റെ വീട്ടിലെത്തും. നേരം ഇരുട്ടുമ്പോള്‍ തെല്ലകലെയുള്ള മരത്തിലെ കൂട്ടിലേക്ക് പോകും. വന്യജീവികള്‍ ഭീഷണിയാകുന്ന കാലത്ത് കാടും മനുഷ്യനും ഒന്നുചേര്‍ന്നു ജീവിക്കുന്നതിന്റെ ജീവിക്കുന്ന പ്രതീകമാകുകയാണ് അജിലും മലയണ്ണാന്‍കുഞ്ഞും.