ലൈഫ് പദ്ധതി: രണ്ടാം ഘട്ടത്തിന്റെ ഗുണഭോക്തൃ പട്ടിക ഓഗസ്റ്റ് 16 ന് പ്രസിദ്ധീകരിക്കും

പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ കൂടി കണ്ടുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഗുണഭോക്തൃ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. ലൈഫ് ഗുണഭോക്താക്കളില്‍ സര്‍ക്കാരുമായി കരാര്‍ പൂര്‍ത്തിയാക്കാനുള്ളവരെ വീടുകളിലെത്തി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന വിപുലമായ നടപടിക്കു സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാരിന്റെ 100 ദിന പദ്ധതിയില്‍പ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ 20,808 വീടുകളുടെ താക്കോല്‍ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കടിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അമീറുദീന്റെയും ഐഷാ ബീവിയുടെയും വീടിന്റെ താക്കോല്‍ദാനം കഠിനംകുളം വെട്ടുതുറയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 

പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ കൂടി കണ്ടുകൊണ്ടുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ലൈഫ് പദ്ധതികളുടെ ഗുണഫലം വലിയ തോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 2,95,066 വീടുകള്‍ ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കി. അടുത്ത ഒരു മാസംകൊണ്ടുതന്നെ ഇതു മൂന്നു ലക്ഷം കടക്കും.

ലൈഫ് പദ്ധതിയിലെ ആദ്യ ഗുണഭോക്തൃ പട്ടിക പൂര്‍ത്തിയാക്കുന്നതോടെ പുതിയ കുടുംബങ്ങള്‍ക്കു വീടു നല്‍കാനുള്ള പദ്ധതിയിലേക്കു കടക്കും. അതിന്റെ ഗുണഭോക്തൃ പട്ടിക അംഗീകാരത്തിന്റെ അവസാന ഘട്ടത്തിലാണ്. പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനു കൂടുതല്‍ ഭൂമി ആവശ്യമുള്ളതിനാല്‍ കൂടുതല്‍ പേര്‍ പദ്ധതിയുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com