ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡ്; രജിസ്‌ട്രേഷന് 30 രൂപ, കൂടുതല്‍ ഈടാക്കിയാല്‍ നടപടി

ഈ ആവശ്യത്തിന് വ്യത്യസ്ത സേവന നിരക്കുകള്‍ ഈടാക്കുന്ന സാഹചര്യത്തിലാണ് നിരക്ക് നിശ്ചയിച്ചത്
അക്ഷയ സെന്റര്‍/ഫയല്‍
അക്ഷയ സെന്റര്‍/ഫയല്‍

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡിന് അക്ഷയ മുഖേന രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് പരമാവധി 30 രൂപ നിശ്ചയിച്ച് ഉത്തരവ്. സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ യുഡിഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. ഈ ആവശ്യത്തിന് വ്യത്യസ്ത സേവന നിരക്കുകള്‍ ഈടാക്കുന്ന സാഹചര്യത്തിലാണ് നിരക്ക് നിശ്ചയിച്ചത്. സ്‌കാനിങ്ങ്, പ്രിന്റിംങ്ങ് ഉള്‍പ്പടെയാണ് ഈ തുക. 30 രൂപയില്‍ കൂടുതല്‍ പൊതുജനങ്ങളില്‍ നിന്നും ഈടാക്കരുത് എന്നും ഇത് അക്ഷയ ജില്ലാ പ്രോജക്റ്റ് മാനേജര്‍മാര്‍ ഉറപ്പു വരുത്തണമെന്നും അക്ഷയ സംസ്ഥാന പ്രൊജക്റ്റ് ഡയരക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഐഎഎസ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. 

ഭിന്നശേഷിക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കാന്‍ ഇനി മുതല്‍ യുഡിഐഡി കാര്‍ഡ് ആവശ്യമാണ്. ഭിന്നശേഷിക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും  ലഭ്യമാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

www.swavlambancard.gov.in  എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ചുവടെ പറയുന്നതാണ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ രേഖകള്‍:

ഫോട്ടോ, വെള്ള പേപ്പറില്‍ ഉള്ള ഒപ്പ്, അല്ലെങ്കില്‍ വിരലടയാളം, ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, രക്ത ഗ്രൂപ്പ്, നിലവില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്  ഉണ്ടങ്കില്‍ അത് ചേര്‍ക്കുക. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവാത്തവര്‍ ചേര്‍ക്കേണ്ടതില്ല. ജോലി ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചേര്‍ക്കുക. 

രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് എന്‍ട്രോള്‍ നമ്പര്‍ അപ്പോള്‍ തന്നെ ലഭ്യമാവും. അപേക്ഷയുടെ പരിശോധനകള്‍ക്കും അംഗീകാരത്തിനും ശേഷം കാര്‍ഡ് തപാല്‍ വഴി ലഭ്യമാവുന്നതാണ്. 

ആദ്യഘട്ടത്തില്‍ മുഴുവന്‍  ഭിന്നശേഷിക്കാരുടെയും രജിസ്‌ട്രേഷന്‍ നടത്തും, രണ്ടാം ഘട്ടത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമെന്നും കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ഷെറിന്‍ എം.എസ് ഐഎഎസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com