കേരളത്തിന്റെ സമഗ്ര ഭൂരേഖ ലക്ഷ്യം; ഡിജിറ്റല്‍ റീസര്‍വേയ്ക്ക് ഇന്ന് തുടക്കം, ആദ്യഘട്ടത്തില്‍ 200 വില്ലേജുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 07:11 AM  |  

Last Updated: 01st November 2022 07:11 AM  |   A+A-   |  

digital survey

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേക്ക് കേരളപ്പിറവി ദിനമായ ചൊവ്വാഴ്ച തുടക്കമാകും. നാലുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഭൂമി പൂര്‍ണമായും ശാസ്ത്രീയമായി സര്‍വേ ചെയ്ത് കേരളത്തിന്റെ സമഗ്ര ഭൂരേഖയ്ക്ക് രൂപം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.ഡിജിറ്റല്‍ റീസര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യുമന്ത്രി കെ രാജന്‍ അധ്യക്ഷനാകും.

ആദ്യഘട്ടത്തില്‍ 200 വില്ലേജില്‍ സര്‍വേ നടക്കും. മൂന്നുവര്‍ഷം കൊണ്ട് 400 വില്ലേജില്‍ സര്‍വേ പൂര്‍ത്തിയാക്കും. നാലാം വര്‍ഷം 350 വില്ലേജിലും. വകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ 1500 സര്‍വേയര്‍മാരും 3200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4700 പേരെയാണ് സര്‍വേക്ക് നിയോഗിച്ചത്. 

858.42 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനായി 438.46 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത്യാധുനിക സര്‍വേ ഉപകരണങ്ങളായ കോര്‍സ്, ആര്‍ടികെ റോവര്‍, റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ എന്നിവ ഉപയോഗിച്ചാണ് സര്‍വേ. ഭൂവുടമകളുടെ സാന്നിധ്യത്തില്‍ സര്‍വേ നടത്തി മാപ്പുകള്‍ തയ്യാറാക്കി നല്‍കുംവിധം സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായാണ് സര്‍വേ.

സര്‍വേ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും ജനപങ്കാളിത്തം ഉറപ്പുവരുത്താനും വാര്‍ഡുകളില്‍ സര്‍വേ സഭകള്‍ നടത്തുന്നുണ്ട്. ആദ്യഘട്ട സര്‍വേ നടക്കുന്ന 200 വില്ലേജില്‍ സര്‍വേ സഭ പൂര്‍ത്തിയായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; ആന്ധ്രയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കാന്‍ ഇന്ന് മന്ത്രിതല ചര്‍ച്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ