ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: ഫോറസ്റ്റ് വാര്‍ഡന് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 07:35 PM  |  

Last Updated: 01st November 2022 07:36 PM  |   A+A-   |  

sarun_1

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കിയ സരുണ്‍

 

തൊടുപുഴ:  ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഫോറസ്റ്റ് വാര്‍ഡന് സസ്‌പെന്‍ഷന്‍. ഇടുക്കി മുന്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ രാഹുല്‍ ബി യെയാണ് സസ്‌പെന്റ് ചെയ്തത്. നേരത്തെ, ഈ ഉദ്യോഗസ്ഥനെ തിരുവനന്തപുരം വനം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലംമാറ്റിയിരുന്നു. 

ഇടുക്കി കിഴുക്കാം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ആദിവായി യുവാവിനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു എന്നാണ് കേസ്. 
വനം വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിനെതിരായ കണ്ടെത്തലുകള്‍ വന്നതിനെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉത്തരവായത്. 

കിഴുക്കാനം സെക്ഷന്‍ സ്റ്റാഫ് തയ്യാറാക്കിയ മഹസ്സറിന്റെ പോരായ്മകളും കേസിന്റെ വിശ്വാസ്യത കുറവും ശരിയാംവിധം അന്വേഷിക്കാതെ സെക്ഷന്‍ ജീവനക്കാരെ സംരക്ഷിച്ചുകൊണ്ട് കേസ് സ്വയം ഏറ്റെടുത്ത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തെറ്റായ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

ആദിവാസി യുവാവിനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആരോപണ വിധേയരായ ആറ് ഉദ്യോഗസ്ഥരെ നേരത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇടുക്കി കണ്ണംപടി സ്വദേശിയായ സരുണ്‍ സജിയെ കാട്ടിറച്ചി കൈവശംവച്ചുവെന്ന് ആരോപിച്ചാണ് കേസില്‍ കുടുക്കിയത്. കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സരുണിന്റെ മാതാപിതാക്കള്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നിരഹാര സമരം നടത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ പരുമല പെരുന്നാള്‍: ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ നാളെ അവധി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ