കുഞ്ഞ് ഓടിവരുമ്പോള്‍ എതൊരു അമ്മയും എടുക്കില്ലേ...?; കലക്ടര്‍ക്ക് പിന്തുണയുമായി ഡെപ്യൂട്ടി സ്പീക്കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 04:57 PM  |  

Last Updated: 04th November 2022 04:57 PM  |   A+A-   |  

divya

ദിവ്യ എസ് അയ്യര്‍/ ഫെയ്‌സ്ബുക്ക് ചിത്രം

 


പത്തനംതിട്ട: പൊതുവേദിയില്‍ കുഞ്ഞുമായി വന്നതില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് പിന്തുണയുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പരിപാടിക്കിടെ ഓടിയെത്തിയ കുഞ്ഞിനെ അമ്മ എടുത്തതിനെ സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചുകുട്ടി ഓടിവരുമ്പോള്‍ ആട്ടിപ്പായിക്കുകയെന്നതല്ല, കുഞ്ഞിനെ സ്‌നഹത്തോടെ എടുക്കുകയും ലാളിക്കുകയും ചെയ്യുകയെന്നത് ഏതൊരു അമ്മയുടെ കര്‍ത്തവ്യമാണ്. അതുമാത്രമെ ദിവ്യ എസ് അയ്യര്‍ ചെയ്തിട്ടുള്ളുവെന്നും ചിറ്റയം വ്യക്തമാക്കി.

അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങില്‍ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കുഞ്ഞുമായി പ്രസംഗിക്കുന്ന വീഡിയോ ചിറ്റയം ഗോപകുമാര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇതിനെതിരെ നിരവധി പേര്‍ വളരെ മോശം പ്രതികരണവുമായി രംഗത്തുവരികയും ചെയ്തിരുന്നു. 

താന്‍ അറിയാതെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നയാള്‍ ആ വിഡിയോ ഡിലീറ്റ് ചെയ്തതെന്ന് ചിറ്റയം പറഞ്ഞു. അതിന് അയാളെ ശകാരിക്കുകയും ചെയ്തു. കലക്ടര്‍ക്കെതിരെ ആ വീഡിയോക്ക് താഴെ മോശം കമന്റുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് വീഡിയോ ഡിലീറ്റ് ചെയ്തതെന്നാണ് അയാള്‍ പറഞ്ഞത്. പ്രസംഗിക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ കൈയില്‍ കുഞ്ഞുണ്ടായിരുന്നില്ലെന്നും പിന്നീട് കുട്ടി ഓടിവന്നപ്പോള്‍ എടുക്കുകയുമായിരുന്നു. ഒരുകുഞ്ഞ് ഓടിവരുമ്പോള്‍ ഏതൊരു അമ്മയും കുഞ്ഞിനെ എടുക്കില്ലേയെന്നും ചിറ്റയം ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വില്‍പ്പനക്ക് വെച്ചത് രണ്ടുമാസം പഴക്കമുള്ള കേരയും തിലോപ്പിയും; 200 കിലോ പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ