തിരുവനന്തപുരം വി.സുരേന്ദ്രന് ചെമ്പൈ പുരസ്‌കാരം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th November 2022 11:39 AM  |  

Last Updated: 05th November 2022 11:39 AM  |   A+A-   |  

thiruvananthapuram_v_surendran

thiruvananthaതിരുവനന്തപുരം വി സുരേന്ദ്രന്‍

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന 2022 ലെ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത മൃദംഗ വിദ്വാന്‍ തിരുവനന്തപുരം വി.സുരേന്ദ്രന് സമ്മാനിക്കും. കര്‍ണാടക സംഗീതരംഗത്ത് മൃദംഗവാദനത്തിനു നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. ശ്രീഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വര്‍ണ്ണപ്പതക്കം, 50,001 രൂപ, പ്രശസ്തി ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോല്‍സവത്തിന്റെ ഉദ്ഘാടന ദിവസമായ നവംബര്‍ 18ന് പുരസ്‌കാരം സമ്മാനിക്കും.

ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയാണ്പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. പ്രശസ്ത കര്‍ണാടക സംഗീതജ്ഞരായ മണ്ണൂര്‍ രാജകുമാരനുണ്ണി, പ്രൊഫ. വൈക്കം വേണുഗോപാല്‍, കാലടി കൃഷ്ണയ്യര്‍ എന്നിവരുള്‍പ്പെട്ട പുരസ്‌കാര നിര്‍ണ്ണയ സമിതിയുടെ ശുപാര്‍ശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു. 2005ലാണ് ദേവസ്വം ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം ആരംഭിച്ചത്. ടി.വി.ഗോപാലകൃഷ്ണനാണ് (വായ്പാട്ട്) ആദ്യ പുരസ്‌കാര ജേതാവ്. 18 മത്തെ പുരസ്‌കാര ജേതാവാണ് തിരുവനന്തപുരം വി.സുരേന്ദ്രന്‍. ചെമ്പൈ സംഗീതോല്‍സവ ഉദ്ഘാടന വേദിയില്‍ പുരസ്‌കാര ജേതാവിന്റെ നേതൃത്വത്തില്‍ പ്രത്യേക കച്ചേരി അരങ്ങേറും.

തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജിലെ 1959 ലെ ആദ്യ ബാച്ചില്‍ ബിരുദം നേടി. കുറച്ചുകാലം അദ്ദേഹം അവിടെ അധ്യാപകനായിരുന്നു. പ്രശസ്ത മൃദംഗവാദകന്‍ മാവേലിക്കര വേലുക്കുട്ടി നായരുടെ കീഴില്‍ നാലുവര്‍ഷം മൃദംഗം അഭ്യസിച്ചതിനുശേഷം കേന്ദ്രസര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പോടെ ഗുരുകുല വിദ്യാഭ്യാസരീതിയിലാണ് അദ്ദേഹം പാലക്കാട് മണി അയ്യരുടെ ശിഷ്യനായി. 1974ല്‍ കോഴിക്കോട് ആകാശവാണിയില്‍ സംഗീതവിഭാഗത്തില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. മുപ്പതു വര്‍ഷത്തോളം ആകാശവാണിയിലെ കലാകാരനായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇടിച്ചിട്ട വാഹനം കണ്ടെത്തിയില്ലെങ്കിലും നഷ്ടപരിഹാരം ലഭിക്കും; അപേക്ഷ നല്‍കേണ്ടത് ആര്‍ഡിഒയ്ക്ക്: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ