'ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി'

ഇവരെ ഒരു പാവയായി മുന്നില്‍ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കില്‍ അതും പുറത്തു വരണം. 
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന് ബല്‍റാം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 

ആര്യാ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നില്‍ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കില്‍ അതും പുറത്തു വരണമെന്ന് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

മേയറെ പുറത്താക്കണം

തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ചുവെന്ന് പറയുന്ന കത്ത് പുറത്തുവന്നതിന് പിന്നാലെ
പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും. മേയറുടെ നടപടി സത്യപ്രതിഞ്ജാ ലംഘനമാണെന്നും 
രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് തള്ളിക്കയറി. പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി. 

മേയറെ സിപിഎം പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്ന വൃത്തികേടുകളാണ് മേയറിലൂടെ പുറത്തുവന്നത്. പിഎസ്‌സി വഴിയെത്തുന്ന ചെറുപ്പക്കാര്‍ക്ക് അവസരം നിഷേധിക്കുകയാണ് ഇത്തരം നടപടിയെന്ന് വിഡി സതീശന്‍ പറഞ്ഞു. പിന്‍വാതില്‍ നിയമനം വ്യാപകമാണെന്നും ഇതെല്ലാം പാര്‍ട്ടിയുടെ അറിവോടെയുമാണ്. മേയര്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ആര്യാരാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് വിവി രാജേഷും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷനില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ഒഴിവുണ്ടെങ്കില്‍ അതു നികത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറി ആണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. സത്യപ്രതിഞ്ജാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയര്‍ക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. എല്ലായിടത്തും സിപിഎം പ്രവര്‍ത്തകരായാല്‍ മാത്രം ജോലി എന്ന പിണറായി സര്‍ക്കാരിന്റെ നയം തന്നെയാണ് തിരുവനന്തപുരം കോര്‍പറേഷനും പിന്തുടരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കത്ത് വ്യാജമാണെന്ന് പറയാന്‍ ആകില്ല

അതേസമയം, ആര്യാ രാജേന്ദ്രന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.  മേയറുടെ അഭിപ്രായം അറിയട്ടെ. മേയറെ വിളിച്ചെങ്കിലും കിട്ടിയില്ല. കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും കത്ത് വ്യാജമെങ്കില്‍ കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മാധ്യമങ്ങളില്‍ വന്നപ്പോഴാണ് കത്ത് കണ്ടത്. മേയറുമായി സംസാരിച്ച ശേഷം പൊലീസില്‍ പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കും. ലെറ്റര്‍ പാഡ് ഒറിജിനല്‍ ആണോയെന്ന് അറിയില്ല. മേയറുമായി ഇതുവരെ സംസാരിക്കാനായില്ല. മേയറാണ് ഇതേക്കുറിച്ച് പറയേണ്ട്. മേയറെ വിളിച്ചെങ്കിലും കിട്ടിയില്ല'-  ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കത്ത് അയച്ചിട്ടില്ലെന്നായിരുന്നു ആര്യാ രാജേന്ദ്രന്റെ പ്രതികരണം.

ബല്‍റാമിന്റെ കുറിപ്പ്

കേവലം ട്രോള്‍ ചെയ്യപ്പെടേണ്ട ഒരു കാര്യമല്ല ഇത്. സിപിഎമ്മിലെ ഗ്രൂപ്പിസമായി തള്ളിക്കളയേണ്ടതുമല്ല.
ഇത് ഗുരുതരമായ അഴിമതിയാണ്.
ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണ്. 
സത്യപ്രതിജ്ഞാ ലംഘനമാണ്.
ജനങ്ങളോടുള്ള വഞ്ചനയാണ്.
ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണം. ഇവര്‍ക്കെതിരെ ലോകായുക്ത കേസെടുക്കണം. ആര്യാ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നില്‍ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കില്‍ അതും പുറത്തു വരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com