ഫയലുകള്‍ മലയാളത്തില്‍ മതി, വായിച്ചാല്‍ ഏതു കൊച്ചുകുട്ടിക്കും മനസ്സിലാവണം: പി രാജീവ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th November 2022 09:04 AM  |  

Last Updated: 05th November 2022 09:04 AM  |   A+A-   |  

p_rajeev

പി രാജീവ് /ഫയല്‍

 

തിരുവനന്തപുരം: എല്ലാ ഉദ്യോഗസ്ഥരും ഫയലുകള്‍ മലയാളത്തില്‍ എഴുതാന്‍ ശ്രമിക്കുന്നതാണ് അഭികാമ്യമെന്ന് സംസ്ഥാന നിയമ, വ്യവസായ മന്ത്രി പി. രാജീവ്. 'മലയാളത്തില്‍ എഴുതിയാല്‍ മാത്രം പോര. ദുര്‍ഗ്രാഹ്യമില്ലാത്ത, ലാളിത്യമുള്ള മലയാളമായിരിക്കണം. ഏത് കൊച്ചുകുട്ടിക്കും വായിച്ചാല്‍ മനസ്സിലാകണം,' നിയമ വകുപ്പ് സംഘടിപ്പിച്ച മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ക്ക് വേണ്ടിയല്ല എന്ന ചിന്ത വരുമ്പോളാണ് ഫയലിലെ ഭാഷ ഇംഗ്ലീഷ് ആകുന്നത്. ഇക്കാര്യം ജീവനക്കാര്‍ ശ്രദ്ധിക്കണം- മന്ത്രി ഓര്‍മിപ്പിച്ചു. കാര്യം മനസ്സിലാവാതെ വരുമ്പോളാണ് കടുപ്പമുള്ള ഭാഷ തെരഞ്ഞെടുക്കുന്നത്. വിഷയം ആഴത്തില്‍ മനസ്സിലാക്കിയാല്‍ ഭാഷ സ്വയമേ ലളിതമാകും. മലയാളത്തില്‍ തന്നെയുള്ള ആശയവിനിമയം ഏറെ പ്രാധാന്യമുള്ളതാണെന്നും പ്രാഥമികമായി ഭാഷ സംവേദനത്തിന് വേണ്ടിയുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിയമസെക്രട്ടറി വി. ഹരിനായര്‍ അധ്യക്ഷനായിരുന്നു. അഡീഷനല്‍ നിയമ സെക്രട്ടറി എന്‍. ജീവന്‍, സ്‌പെഷ്യല്‍ സെക്രട്ടറി സാദിഖ് എം.കെ, നിയമ (ഔദ്യോഗികഭാഷ പ്രസിദ്ധീകരണ സെല്‍) ജോയിന്റ് സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നിയമ വകുപ്പിന് കീഴിലുള്ള ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെല്ലിന്റെ നേത്യത്വത്തില്‍ സെക്രട്ടേറിയേറ്റിലെ പൊതുഭരണം, ധനകാര്യം, നിയമം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പരിഭാഷാ മത്സരവും സംഘടിപ്പിച്ചു. വിവിധ വകുപ്പുകളില്‍ നിന്നായി 51 ഉദ്യോഗസ്ഥര്‍ മത്സരത്തില്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

എല്ലാ സ്‌കൂളിലും പച്ചക്കറി തോട്ടങ്ങള്‍; നവംബര്‍ 30ന് അകം സജ്ജീകരിക്കണമെന്ന് മന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ