'ആ പരിഹാസവും വിമര്‍ശനവും പൊറുക്കാനാവാത്ത തെറ്റ്'; ദിവ്യ എസ് അയ്യരെ പിന്തുണച്ച് കെ കെ ശൈലജ

ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങൾ കാണാൻ ആർക്കാണ് കഴിയുന്നതെന്ന് ശെെലജ ടീച്ചർ ചോദിക്കുന്നു
ദിവ്യ എസ് അയ്യര്‍, കെ കെ ശൈലജ/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ദിവ്യ എസ് അയ്യര്‍, കെ കെ ശൈലജ/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
Updated on
1 min read


കണ്ണൂർ: പൊതുപരിപാടിയിൽ കുഞ്ഞുമായി എത്തിയതിന്റെ പേരിൽ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർക്ക് നേരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. പിഞ്ചുകുഞ്ഞുമായി പരിപാടിയിൽ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്ന് കെ കെ ശൈലജ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. 

ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങൾ കാണാൻ ആർക്കാണ് കഴിയുന്നതെന്ന് ശെെലജ ടീച്ചർ ചോദിക്കുന്നു. സ്ത്രീകൾ പൊതുപ്രവർത്തനത്തിന് പോകുമ്പോൾ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകുന്നത് അത്രയും നേരമെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങൾക്ക് ലഭ്യമാക്കാനാണ്. അതുകൊണ്ട് മനുഷ്യത്വപൂർണമായിട്ടുള്ള കാര്യമാണെന്ന് ജനങ്ങൾ അംഗീകരിക്കുകയാണ് വേണ്ടതെന്നും ശെെലജ ടീച്ചർ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ കുഞ്ഞിനെയുംകൊണ്ട് പൊതുപരിപാടിയില്‍ പങ്കെടുത്തതിനെ ചിലര്‍ വിമര്‍ശിച്ചതായി അറിഞ്ഞു. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കഴിയുന്നത്. പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. ജോലിക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പോകുന്ന സ്ത്രീകള്‍ക്ക് രണ്ട് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടിവരുന്നുണ്ട്. 

ഒന്ന് അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയെന്നതാണ് ഒപ്പം തന്നെ പൊതുജനങ്ങളുടെ വിഷയത്തില്‍ ഇടപെടുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ഈ രണ്ട് ഉത്തരവാദിത്വങ്ങളും ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവരാണ്. ഇതാദ്യമായല്ല കുഞ്ഞിനെയും കൊണ്ട് സ്ത്രീകള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന അവസ്ഥയുണ്ടാവുന്നത്. സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകുന്നത് അത്രയും നേരമെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കാനാണ്. 

അതുകൊണ്ട് സാധിക്കാവുന്നിടത്തെല്ലാം കുഞ്ഞുങ്ങളെയും കൊണ്ടുപോവുന്നത് മനുഷ്യത്വപൂര്‍ണമായിട്ടുള്ള കാര്യമാണെന്ന് ജനങ്ങള്‍ അംഗീകരിക്കുകയാണ് വേണ്ടത്. വളരെ പ്രശസ്തയായ ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാന്‍ പോയത് മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെയും കൊണ്ടാണ്. 

ഒരു സമാധാന സമ്മേളനത്തില്‍ പ്രസംഗിക്കാനാണ് ജസീന്ത ഐക്യരാഷ്ട്ര സഭയില്‍ പങ്കെടുത്തത്. പ്രസംഗിക്കാന്‍ പ്രസംഗ പീഠത്തിലേക്ക് പോകുന്നത് വരെ തന്റെ കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു ജസീന്ത. ലോകം മുഴുവന്‍ ആ പ്രവൃത്തിയെ അന്ന് ഏറെ പ്രശംസിച്ചു. അങ്ങനെ കാണാന്‍ കഴിയാത്തവര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന് കരുതേണ്ടതായി വരും. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ ശരിയായ അര്‍ഥത്തില്‍ മനസിലാക്കാന്‍ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്. കുഞ്ഞിന്റെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ദിവ്യ എസ് ഐയ്യര്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com