പ്രതിപക്ഷ നേതാവിന്റെ പിന്തുണ കിട്ടുന്നില്ല, സ്ഥാനമൊഴിയാം; രാജി സന്നദ്ധത അറിയിച്ച് സുധാകരന്റെ കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 09:07 AM  |  

Last Updated: 21st November 2022 12:07 PM  |   A+A-   |  

sudhakaran

കെ സുധാകരന്‍/ ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നും മാറാന്‍ സന്നദ്ധത അറിയിച്ച് കെ സുധാകരന്‍. ഇക്കാര്യം വ്യക്തമാക്കി സുധാകരന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത് എന്നാണ്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.  പ്രതിപക്ഷ നേതാവ് വി ഡി സതീശനില്‍ നിന്നും പിന്തുണ കിട്ടുന്നില്ലെന്നും കത്തില്‍ സുധാകരന്‍ കുറ്റപ്പെടുത്തുന്നു.

ആര്‍എസ്എസുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഇത്തരമൊരു കത്ത് എന്നത് ശ്രദ്ധേയമാണ്. കെ സുധാകരന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍, എംഎം ഹസ്സന്‍ തുടങ്ങിയ നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു. വിവാദ പ്രസ്താവനകള്‍ക്കെതിരെ മുസ്ലിം ലീഗും പരസ്യമായി രംഗത്തു വന്നിരുന്നു.

ഇതിനുപിന്നാലെ എഐസിസി നേതൃത്വം സുധാകരനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കെപിസിസി പ്രസിഡന്റ് പദവിക്കൊപ്പം, ചികിത്സയുമായി മുന്നോട്ടുപോകുമ്പോള്‍, രണ്ടും ഒരേപോലെ കൊണ്ടുപോകാനാകുന്നില്ലെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിയുമായി മുന്നോട്ടു പോകുന്നതിന് പ്രതിപക്ഷ നേതാവില്‍ നിന്നും വേണ്ട സഹകരണം ലഭിക്കുന്നില്ലെന്നും സുധാകരന്‍ പറയുന്നു. പാര്‍ട്ടിയെയും പ്രതിപക്ഷത്തേയും ഒന്നിച്ചു കൊണ്ടുപോകാന്‍ ഇപ്പോഴത്തെ നിസ്സഹകരണം മൂലം കഴിയുന്നില്ലെന്നും കത്തില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.

കത്തുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചതായിട്ടാണ് സൂചന. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍, അടിയന്തരമായി കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ടെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ് പദവിയില്‍ രണ്ടാം ടേമിലും കെ സുധാകരനെ നിലനിര്‍ത്താന്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ധാരണയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സുധാകരന്റെ വിവാദ പ്രസ്താവനകള്‍: മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി നാളെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ