പ്രിയ വര്‍ഗീസിനു തിരിച്ചടി; യോഗ്യതയില്ലെന്ന് ഹൈക്കോടതി, നിയമന പട്ടിക റദ്ദാക്കി

പ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസര്‍ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നു ഹൈക്കോടതി. യുജിസി മാനദണ്ഡ പ്രകാരം എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, നിയമനത്തിനായി സര്‍വകലാശാല തയാറാക്കിയ റാങ്കു പട്ടിക റദ്ദാക്കി. മുഖ്യമന്ത്രിയുടെ ്‌പ്രൈവറ്റ്‌ സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്.

അസോസിയേറ്റ് നിയമനത്തിനു യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകള്‍ പ്രിയ വര്‍ഗീസിന് ഇല്ലെന്ന് കോടതി പറഞ്ഞു. പ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസര്‍ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല. പിഎച്ച്ഡി ഗവേഷണം ഫെലോഷിപ്പോടെയാണ്, ഈ കാലയളവില്‍ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ കാലയളവില്‍ അധ്യാപന പരിചയം ലഭിച്ചിട്ടില്ല. അധ്യാപന ജോലി ചെയ്യാത്തവരെ അധ്യാപക പരിചയം ഉള്ളവരായി കണക്കാക്കാനാവില്ല- ഹൈക്കോടതി പറഞ്ഞു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രവൃത്തിപരിചയം അധ്യാപന പരിചയമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.

കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നടന്ന വാദത്തിനിടെയുണ്ടായതായി പ്രചരിച്ച പരാമര്‍ശങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കുഴിവെട്ട് എന്ന കാര്യം പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വാദത്തിനിടെ പല കാര്യങ്ങളും പറയും. അതു കോടതിയില്‍ തന്നെ അവസാനിക്കേണ്ടതാണ്. കക്ഷികള്‍ കോടതിയെ ശത്രുവായി കാണേണ്ടതില്ലെന്ന്, പരാമര്‍ശത്തോടു പ്രതികരിച്ച് പ്രിയ വര്‍ഗീസ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെക്കുറിച്ച് കോടതി പറഞ്ഞു. സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളെന്ന് കോടതി പറഞ്ഞു.

ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് ഹര്‍ജിയില്‍ 
ആവശ്യപ്പെട്ടത്. 

പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാന്‍ മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചത്. അതേസമയം പ്രിയ വര്‍ഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍വകലാശാല വാദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com