ഭീതി വിതച്ച് ഒറ്റയാന്‍; അതിരപ്പിള്ളി റോഡില്‍ 'കബാലി' ഇന്നും ഇറങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 10:04 AM  |  

Last Updated: 17th November 2022 10:17 AM  |   A+A-   |  

kabali

വീഡിയോ ദൃശ്യം

 

തൃശൂര്‍: അതിരപ്പിള്ളി റോഡില്‍ ഒറ്റയാന്‍ ഇന്നും ഇറങ്ങി. ഒറ്റയാന്‍ കബാലിയാണ് ഭീതി വിതച്ച് ഇന്നും ഇറങ്ങിയത്. ആന ഓടിയടുത്തതോടെ ഇതുവഴി വന്ന കാറും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിന്നിലേക്കെടുത്താണ് രക്ഷപ്പെട്ടത്. ആന പിന്നീട് ഷോളയാര്‍ പവര്‍ഹൗസ് റോഡിലേക്ക് മാറിപ്പോയി. 

കഴിഞ്ഞ ദിവസവും റോഡില്‍ കബാലി ഇറങ്ങിയിരുന്നു. ആനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്ററാണ് സാഹസികമായി പിന്നോട്ടോടിച്ചത്. 

ചാലക്കുടി  വാല്‍പാറ പാതയില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ അമ്പലപ്പാറ മുതല്‍ ആനക്കയം വരെ പിറകോട്ട് ഓടിയത്. കൊടുംവളവുകളുള്ള ഇടുങ്ങിയ വഴിയില്‍ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്. 

ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാന്‍ ആനക്കയം ഭാഗത്തെത്തിയപ്പോള്‍ കാട്ടിലേക്കു കടന്നു. രാത്രി കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കും ഒറ്റയാനെ പേടിച്ച് ബസ് പിന്നോട്ടെടുക്കേണ്ടി വന്നു. ആഴ്ചകളായി ആനമല പാതയില്‍ ഈ ഒറ്റയാന്റെ ഭീഷണി നിലനില്‍ക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വനം വകുപ്പിന്റെ ജീപ്പ് ആക്രമിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിശ്വസ്തൻ ചമഞ്ഞ് കൂടെക്കൂടി, മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഡോക്ടറുടെ 19 ലക്ഷം തട്ടി; ഓട്ടോ ഡ്രൈവർ പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ