'ഡിജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടങ്ങളുടെ വേദി; നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാനാകുന്നില്ല'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 01:24 PM  |  

Last Updated: 19th November 2022 01:24 PM  |   A+A-   |  

p_satheedevi

പി സതീദേവി/ ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: പല ഡിജെ പാര്‍ട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സ്ത്രീ സുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഡിജെ പാര്‍ട്ടികളില്‍ പൊലീസിന് ശ്രദ്ധ  വേണം. നഗരങ്ങളിലെല്ലാം സിസി ടിവി ഉറപ്പാക്കണമെന്നും പി സതീദേവി പറഞ്ഞു

കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡല്‍ ബലാത്സംഗം ചെയ്തുവെന്ന വാര്‍ത്ത ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ആ സമയത്ത് അവര്‍ മദ്യപിച്ചിരുന്നു. മദ്യപിക്കാന്‍ പുരുഷനും സ്ത്രീക്കുമൊക്കെ അവകാശമുണ്ടെന്ന് ന്യായീകരണം ഉണ്ടാകാം. പക്ഷെ ആ മദ്യപാന ആസക്തി ഏത് തരത്തിലാണ് നമ്മുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നത് എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞു.

നഗരങ്ങളില്‍ സത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാനാകുന്നില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസ് സംവിധാനം കുറ്റമറ്റതാകണമെന്നും ഡിജെ പാര്‍ട്ടികളില്‍ പൊലീസ് ശ്രദ്ധ വേണമെന്നും സതീദേവി പറഞ്ഞു.

പ്രതികള്‍ അറസ്റ്റില്‍

കൊച്ചിയില്‍ കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡിംപിളെന്ന് പീഡനത്തിനിരയായ യുവതിയുടെ മൊഴി. ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ഡിംപിള്‍ പറഞ്ഞു. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് മൂവരും പീഡിപ്പിച്ചതായും പ്രതികളെ കണ്ടാല്‍ അറിയാമെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി.

അതേസമയം,  കസ്റ്റഡിയിലെടുത്ത നാലു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ശേഖരിച്ചതായും അറസ്റ്റിലായ യുവതി രാജസ്ഥാന്‍ സ്വദേശിയാണെന്നും കമ്മീഷണര്‍ പറഞ്ഞു. ഡിജെ പാര്‍ട്ടിക്കെന്ന വ്യാജേന ബാറിലെത്തിക്കുകയും അവിടെ വച്ച് മദ്യപിച്ച ശേഷം അവശയായ തന്നെ നഗരത്തിലൂടെ കാറില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് മോഡലിന്റെ പരാതിയെന്നും കമ്മീഷണര്‍ പറഞ്ഞു. പ്രതികളും ഇരയും സുഹൃത്തുക്കളാണോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിയര്‍ കഴിച്ച ശേഷം അവശയായ തന്നോട് ഡിംപിള്‍ സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാന്‍ ഭയമായിരുന്നു. പിന്നെ ബാറില്‍ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചതായും  മൊഴിയില്‍ പറയുന്നു.

ബലാത്സംഗത്തിന് ഇരയായ യുവതിയുടെ ഒരു സുഹൃത്താണ് സംഭവമറിഞ്ഞ് ഇന്നലെ പകല്‍  പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് യുവതിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ  നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു ചെറുപ്പക്കാരാണ് ആസൂത്രിത ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ബാറിൽ കുഴഞ്ഞുവീണ മോഡലിനെ വണ്ടിയിൽ കയറ്റിയത് സഹായിക്കാമെന്ന് പറ‍ഞ്ഞ്, മനഃപൂർവം ഒഴിഞ്ഞുമാറി രാജസ്ഥാൻ സ്വദേശിനി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ