'തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമെന്ന ആശങ്ക വന്നു'; വിശദീകരണവുമായി ഡിസിസി; തരൂരിനെ മാറ്റിനിര്‍ത്തി ഒരു പൊളിറ്റിക്‌സുമില്ലെന്ന് മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 11:14 AM  |  

Last Updated: 20th November 2022 11:14 AM  |   A+A-   |  

sashi_tharoor

ശശി തരൂര്‍/ഫയല്‍

 

കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി കോഴിക്കോട് ഡിസിസി നേതൃത്വം. തരൂരിന്റെ പര്യടനം പര്യടനം വിഭാഗീയ പ്രവര്‍ത്തനമാണന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. ചില കോണ്‍ഗ്രസ് നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. ഇതോടെയാണ് പരിപാടിയില്‍ നിന്നും പിന്മാറാന്‍ യൂത്ത് കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കിയതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ഒരു വിഭാഗീയ പ്രവര്‍ത്തനത്തിന്റെ സംശയം പോലും ഉണ്ടാക്കാനുള്ള ആരോഗ്യം ജില്ലയിലെ കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനുമില്ല. തരൂരിന്റെ പരിപാടി മാറ്റിയത് ഡിസിസി തീരുമാനപ്രകാരമാണ്. തരൂരിനോട് ഒരു ബഹുമാനക്കുറവുമില്ലെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ പര്യടനത്തെക്കുറിച്ച് ശശി തരൂര്‍ അറിയിച്ചിരുന്നില്ല. എം കെ രാഘവനാണ് ജില്ലാ കമ്മിറ്റിയെ അറിയിച്ചത്. തരൂര്‍ ഡിസിസി നേതൃത്വത്തെ  അറിയിച്ചിരുന്നെങ്കില്‍ ഡിസിസി തന്നെ എല്ലാം ചെയ്യുമായിരുന്നുവെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. 

കോണ്‍ഗ്രസിന്റ സംഘടന സംവിധാനം അനുസരിച്ചല്ല ശശി തരൂര്‍ പര്യടനം തയാറാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹീന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല. ഇവിടെ പാര്‍ട്ടിക്ക് ഉണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഡിസിസി നല്‍കുന്ന നിര്‍ദേശം പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. ഡിസിസിയോട് ആലോചിച്ചാണ് പരിപാടിയില്‍ നിന്നും പിന്മാറിയതെന്നും ഷഹീന്‍ വ്യക്തമാക്കി.

തരൂരിനെ പിന്തുണച്ച് കെ മുരളീധരന്‍

അതേസമയം തരൂരിനെ പിന്തുണച്ച് കെ മുരളീധരന്‍ എംപി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ശക്തമായ പ്രവര്‍ത്തനത്തിന് തരൂരിന്റെ സംഭാവനകളും ഉണ്ടാകും. ചില സാങ്കേതിക കാരണങ്ങളാലാണ് പരിപാടി മാറ്റിവച്ചതെന്ന് തരൂര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. സംഘപരിവാറിനെതിരായ പ്രസംഗത്തില്‍ നിന്നും ഒരു കോണ്‍ഗ്രസുകാരനും വിലക്കില്ല. 

ഇന്ന് ശശി തരൂര്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും എല്ലാ കോണ്‍ഗ്രസുകാര്‍ക്കും പങ്കെടുക്കാം. അതിന്റെ പേരില്‍ ഒരു നടപടിയും ആര്‍ക്കെതിരെയും ഉണ്ടാകില്ല. ശശി തരൂരിനെ മാറ്റിനിര്‍ത്തി ഒരു പൊളിറ്റിക്‌സും കേരളത്തിലുണ്ടാകില്ല. പാര പണിയാന്‍ പലരും നോക്കും, അത് തരൂരിന് എതിരായിട്ടു മാത്രമല്ല, എല്ലാവര്‍ക്കും എതിരെയുമുണ്ടാകും. അതൊന്നും ഏല്‍ക്കാനും പോകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

തരൂർ സമുന്നത നേതാവ്, പരിപാടിയിൽ നിന്നും തടഞ്ഞിട്ടില്ല; വ്യാജ പ്രചാരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം:  കെ സുധാകരൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ