'സുധാകരന്‍ വിവരക്കേട് പറയുന്നു'; മാനനഷ്ടക്കേസ് കൊടുക്കും: സികെ ശ്രീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 08:11 AM  |  

Last Updated: 21st November 2022 08:11 AM  |   A+A-   |  

k_sudhakaran-ck_sreedharan

സികെ ശ്രീധരന്‍, കെ സുധാകരന്‍

 

കാസര്‍കോട്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് സികെ ശ്രീധരന്‍.  ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരന്‍ വ്യക്തമാക്കി. ടിപി ചന്ദ്രശേഖരന്‍ കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്റെ  സിപിഎം ബന്ധം മൂലമാണെന്ന സുധാകരന്റെ ആരോപണത്തിന് എതിരെയാണ് പരാതി നല്‍കുന്നത്. 

സുധാകരന്‍ വിവരക്കേട് പറയുകയാണെന്ന് സികെ ശ്രീധരന്‍ പറഞ്ഞു. സുധാകരന്റെ പ്രസ്താവന അപകീര്‍ത്തികരവും സത്യവിരുദ്ധവും  അബദ്ധവുമാണെന്നും പ്രസ്താവനയില്‍ കോടതിയലക്ഷ്യം ഉണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്നും സികെ ശ്രീധരന്‍ പറഞ്ഞു. 

കാസര്‍കോട് ചിറ്റാരിക്കാലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സുധാകരന്‍ ആരോപണം ഉന്നയിച്ചത്. വലിയ മഴ പെയ്യുമ്പോള്‍ ചെറിയ തുള്ളി പോകുന്നത് പോലെയാണ് സികെ ശ്രീധരന്റെ പാര്‍ട്ടി മാറ്റമെന്ന് സുധാകരന്‍ പരിഹസിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ കാലം മുതല്‍ സികെ ശ്രീധരനും സിപിഎമ്മും തമ്മില്‍ ബന്ധമുണ്ട്. ഇതിന്റെ ഭാഗമായാണ് പി മോഹനന്‍ കേസില്‍ പ്രതിയാകാതിരുന്നത്. ഏറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോകാന്‍ ആളില്ല. അധികാര സ്ഥാനങ്ങളില്‍ ഇരുന്നിട്ടും എന്തുകൊണ്ട്് അദ്ദേഹത്തോടൊപ്പം ഒരു പത്ത് പേര്‍ പോയില്ല? ഇക്കാര്യം സിപിഎമ്മുകാരും സികെ ശ്രീധരനും ആലോചിക്കണം.-സുധാകരന്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടി, ചികിത്സാ പിഴവിനെ തുടർന്ന് വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റി; തലശ്ശേരി ജനറൽ ആശുപത്രിക്കെതിരെ പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ