'ഒരു നേതാവിനെയും ഭയപ്പെടേണ്ട; ഇപ്പോഴേ കുപ്പായം തയ്പ്പിക്കേണ്ടതില്ല': തരൂര്‍ വിവാദത്തില്‍ ചെന്നിത്തല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 10:58 AM  |  

Last Updated: 24th November 2022 10:58 AM  |   A+A-   |  

ramesh chennithala

രമേശ് ചെന്നിത്തല /ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പാര്‍ട്ടിക്ക് ഒരു പ്രവര്‍ത്തന രീതിയുണ്ടെന്നും എല്ലാവരും അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായിരിക്കണം. ഒരു നേതാവിനെയും ഭയപ്പെടേണ്ടതില്ല. തരൂര്‍ അടക്കം എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സ്വതന്ത്ര്യമുണ്ട്. എന്നാല്‍ പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നു വേണം പ്രവര്‍ത്തിക്കേണ്ടത്. പാര്‍ട്ടിയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ആരും കാരണക്കാരാകരുത്. പാര്‍ട്ടിയില്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. വി ഡി സതീശന്‍ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 

തരൂരിനെതിരായ വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാകാമെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്കും ചെന്നിത്തല മറുപടി നല്‍കി. എന്തു കുപ്പായം തയ്പ്പിക്കണമെങ്കിലും നാലു വര്‍ഷം സമയമുണ്ട്. ഇപ്പോഴേ ഒന്നും തയ്പ്പിക്കേണ്ടതില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

പരസ്യപ്രസ്താവന കെപിസിസി അധ്യക്ഷന്‍ വിലക്കിയിട്ടുള്ളതിനാല്‍ ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ല. മദ്യവില വര്‍ധിപ്പിച്ചതിന് പിന്നില്‍ അഴിമതിയുണ്ട്. സിപിഎമ്മും മദ്യക്കമ്പനികളും തമ്മിലുള്ള ധാരണ പ്രകാരമാണ് വില കൂട്ടിയത്. ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന് നികുതി ഒഴിവാക്കിയതിന്റെ നേട്ടം വന്‍കിട മദ്യനിര്‍മ്മാതാക്കള്‍ക്കാണ്. 

വര്‍ഷങ്ങളായി മാറ്റിവെച്ച ഫയലില്‍ ഇപ്പോള്‍ തീരുമാനമെടുത്തത് ഇതിന് തെളിവാണ്. ടിപി രാമകൃഷ്ണന്‍ ചെയ്യാന്‍ മടിച്ചത് എംബി രാജേഷ് ചെയ്യുന്നു. ഇന്ത്യയില്‍ മദ്യവില ഏറ്റവും കൂടിയ സംസ്ഥാനമായി കേരളം മാറും. മദ്യക്കമ്പനികള്‍ക്ക് നല്‍കിയ ആനുകൂല്യം പിന്‍വലിക്കണം.  പാല്‍വില കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാളെ ജനകീയ ഹര്‍ത്താല്‍; മാലിന്യ പ്ലാന്റിനെതിരെ കോതിയില്‍ ഇന്നും പ്രതിഷേധം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ