'കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികള്‍ അല്ലല്ലോ', ആരോടും സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല: ശശി തരൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 12:29 PM  |  

Last Updated: 27th November 2022 12:29 PM  |   A+A-   |  

tharoor

ശശി തരൂര്‍/ഫയല്‍ ചിത്രം


കൊച്ചി: ജില്ലകളിലെ പരിപാടികള്‍ക്ക് പോകുമ്പോള്‍ ഡിസിസി പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്ന് ശശി തരൂര്‍ എംപി. പൊതുപരിപാടിയിലും കോണ്‍ഗ്രസ് പരിപാടിയിലും പങ്കെടുക്കുമ്പോള്‍ അറിയിക്കാറുണ്ടെന്നും അത് പതിനാല് വര്‍ഷമായി തന്റെ രീതിയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍, സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡിസിസി പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍ കെപിസിസി പ്രസിഡന്റ് നേരിട്ട് പങ്കെടുക്കാത്തതിന് നിലവിലെ വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല. ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹം നേരിട്ട് വരാത്തത്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പരിപാടിയാണിത്. ദേശീയതലത്തില്‍ താന്‍ നയിക്കുന്നുണ്ടെങ്കിലും ഇവിടെ നടക്കുന്ന പരിപാടിയില്‍ തീരുമാനങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റേതാണ്',-തരൂര്‍ പറഞ്ഞു.

നേരിട്ടു കാണുമ്പോള്‍ വിഡി സതീശനുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന്, സംസാരിക്കാതിരിക്കാന്‍ തങ്ങള്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളല്ലോ എന്ന് അദ്ദേഹം മറുപടി നല്‍കി. 'നേരിട്ട് കണ്ടാല്‍ സംസാരിക്കാതിരിക്കാന്‍ കുട്ടികളാണോ. എല്ലാവരേയും കാണാനും സംസാരിക്കാനും എനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അന്‍വര്‍ തന്നോട് പറഞ്ഞിട്ടില്ല. തന്റെ അറിവില്‍ എല്ലാം നന്നായി നടക്കുന്നുണ്ട്. തന്റെ ഭാഗത്തുനിന്നും പാര്‍ട്ടിയെക്കുറിച്ച് എന്തെങ്കിലും മോശം വാക്കുകള്‍ ഉണ്ടായിട്ടില്ല. എന്താണ് പ്രശ്നം എന്ന് തനിക്ക് മനസ്സിലായിട്ടില്ല. വിവാദം നടക്കുന്നു എന്ന് പറയുന്നു, തന്റെ ഭാഗത്തുനിന്ന് വിവാദമോ അമര്‍ഷമോ ആരോപണമോ ഉണ്ടായിട്ടില്ല. തെറ്റ് ഉണ്ടായാലേ നോട്ടീസ് നല്‍കേണ്ടതുള്ളൂ. തനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ല', അദ്ദേഹം വ്യക്തമാക്കി.


ഈ വാര്‍ത്ത കൂടി വായിക്കൂ‌ കിളികൊല്ലൂര്‍ കേസ് : സൈനികനും സഹോദരനും മര്‍ദ്ദനമേറ്റു; മര്‍ദ്ദിച്ചത് ആരെന്ന് വ്യക്തമല്ല; കമ്മീഷണറുടെ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ