തിരുവനന്തപുരം: കേരള വികസനത്തിന് ഏറെ സഹായകമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടയുന്ന നടപടികളില്‍ നിന്ന് സമരക്കാര്‍ അടിയന്തിരമായി പിന്മാറണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേരളത്തിന്റെ വികസനത്തിന് പ്രധാനപ്പെട്ടതാണ് പശ്ചാത്തല മേഖലയിലെ വികസനം. അതില്‍ സുപ്രധാനമായ സ്ഥാനമാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. ലോകത്തിന്റെ തുറമുഖ ഭൂപടത്തില്‍ ശ്രദ്ധേയമായ പദ്ധതി എന്ന നിലയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ പദ്ധതിയെ കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ദൗര്‍ബല്യങ്ങള്‍ കഴിയുന്നത്ര പരിഹരിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളുമായി ശക്തമായി മുന്നോട്ടുപോയതെന്നും ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ഇതിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ പല ഘട്ടങ്ങളിലും ഉയര്‍ന്നുവന്നതാണ്. അതിനെയെല്ലാം മറികടന്ന് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ അവസരത്തിലാണ് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് ചിലര്‍ പ്രക്ഷോഭവുമായി മുന്നോട്ടുവന്നത്. ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ള പരാതികളെയെല്ലാം പരിശോധിച്ച് ന്യായമായവയെല്ലാം സര്‍ക്കാര്‍ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്. ആ ഘട്ടത്തിലാണ് പദ്ധതി തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള ആവശ്യവുമായി ചിലര്‍ ഗൂഢലക്ഷ്യങ്ങളുമായി മുന്നോട്ടു വന്നിട്ടുള്ളത്. ഇത് കേരളത്തിന്റെ വികസനത്തെ സ്‌നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാകില്ല.-അദ്ദേഹം പറഞ്ഞു.
സമാധാനപരമായ ജീവിതവും, സൗഹാര്‍ദപരമായ ബന്ധങ്ങളും നിലനില്‍ക്കുന്ന കേരളത്തിന്റെ കടല്‍ തീരത്തെ സംഘര്‍ഷഭരിതമാക്കാനുള്ള ഗൂഢശ്രമങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം തികഞ്ഞ ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates