മൈക്ക് ഓഫായി, പകരം മൂര്‍ഖനെ മൈക്കാക്കി വാവ സുരേഷിന്റെ ക്ലാസെടുക്കല്‍;വിമര്‍ശനം ശക്തം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2022 08:48 AM  |  

Last Updated: 29th November 2022 08:48 AM  |   A+A-   |  

vava_suresh

ചിത്രം; ഫേയ്സ്ബുക്ക്


കോഴിക്കോട്: മൈക്ക് ഓഫായി പോയതോടെ പാമ്പിനെ മൈക്കിന് പകരം വെച്ച് സംസാരിച്ച വാവ സുരേഷിന്റെ നീക്കം വിവാദത്തിൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ വാവ സുരേഷ് സംസാരിക്കുമ്പോഴാണ് സംഭവം. 

ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. ഈ സമയം മൈക്കിന് പകരം പാമ്പിനെ വാവ സുരേഷ് മുൻപിൽ വെച്ചതായി പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു. 

വാവ സുരേഷിന്റെ നീക്കത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെ വാവ സുരേഷ് കൊണ്ടുവന്നിരുന്നു. മെഡിക്കൽ കോളജ് പോലൊരു സ്ഥാപനത്തിൽ പാമ്പുപിടുത്തത്തിൽ ശാസ്ത്രീയ മാർ​ഗങ്ങൾ പിന്തുടരാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായില്ലെന്നും വിമർശനം ഉയരുന്നു.

നിരവധി തവണ പാമ്പിന്റെ കടിയേറ്റിട്ടുള്ള വാവ സുരേഷിന് കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയം നീലംപേരൂർ വെച്ചാണ് ഏറ്റവും ഒടുവിൽ പാമ്പ് കടിയേറ്റത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഏറെ ദിവസത്തെ വിദ​ഗ്ധ ചികിത്സക്ക് ശേഷമാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

ഇത്തിരി കുഞ്ഞന്മാര്‍ ഇനി K9 സ്‌ക്വാഡില്‍; ജാക്ക് റസല്‍ ടെറിയര്‍ ഇന്ന് മുതല്‍ കേരള പൊലീസിന്റെ ഭാഗം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ