'പെണ്‍കുട്ടികള്‍ 9.30ന് ശേഷം പുറത്തിറങ്ങരുത്, ആണ്‍കുട്ടികള്‍ക്കാവാം'; വിവേചനമെന്ന് വനിതാ കമ്മിഷന്‍, നിലപാട് ഹൈക്കോടതിയെ അറിയിക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരത്തിലുള്ള ആണ്‍ പെണ്‍ വിവേചനവും പാടില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി
പി സതീദേവി മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
പി സതീദേവി മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു തരത്തിലുള്ള ആണ്‍ പെണ്‍ വിവേചനവും പാടില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പെണ്‍കുട്ടികള്‍ക്ക് രാത്രി ഒന്‍പതരയ്ക്കു ശേഷം പുറത്തിറങ്ങാന്‍ പാടില്ല, ആണ്‍കുട്ടികള്‍ക്കാവാം എന്നത് വിവേചനം തന്നെയാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന് സതീദേവി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു സതീദേവി. മെഡിക്കല്‍ കോളജുകള്‍ സമൂഹത്തോടു പ്രതിബദ്ധതയുള്ള ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്നതിനുള്ള ഇടങ്ങളാണ്. അവിടെ വിവേചനം പാടില്ലെന്ന് സതീദേവി പറഞ്ഞു. നിലപാട് ഇന്ന്ു ഹൈക്കോടതിയെ അറിയിക്കും.

പ്രായപൂര്‍ത്തിയായ പൗരന്മാരല്ലേ? 

പ്രായപൂര്‍ത്തിയായ പൗരന്‍മാരെ അവര്‍ക്ക് ഇഷ്ടമുള്ളയിടത്ത് പോകാന്‍ അനുവദിച്ചുകൂടെയെന്ന്, മെഡിക്കല്‍ കോളജ് വിഷയത്തിലെ ഹര്‍ജി പരിഗണിച്ചുകൊണ്ട ഹൈക്കോടതി ആരാഞ്ഞു. കേസില്‍ സര്‍ക്കാരും വനിതാ കമ്മീഷനും ഇന്നു നിലപാട് അറിയിക്കണമന്ന് കോടതി നിര്‍ദേശിച്ചു.

സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല. ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ജീവന് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ പോലും സംരക്ഷണം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് രാത്രി പത്ത് എന്ന സമയനിയന്ത്രണം വച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

പത്തുമണിക്ക് മുന്‍പ് ഹോസ്റ്റലില്‍ എത്തണമെന്നതാണ് അവിടുത്തെ നിയമം. ഇതിനെ കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തിരുന്നു. പത്തുമണി കഴിഞ്ഞാല്‍ ലേഡീസ് ഹോസ്റ്റലിന്റെ ഗേറ്റ് അടയ്ക്കുകയാണ് പതിവ്. ഇതോടെ വൈകിയെത്തുന്ന കുട്ടികള്‍ ഏറെ നേരം പുറത്ത് കാത്തിരിക്കണമായിരുന്നു. മെഡിക്കല്‍ കോളജിലെ ലൈബ്രറി പതിനൊന്നരവരെ പ്രവര്‍ത്തിക്കാറുണ്ട്. അങ്ങനെയെങ്കില്‍ ലൈബ്രറി അതുവരെ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ നിലപാട്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സമയനിയന്ത്രണം ഇല്ല. തുടര്‍ന്ന് വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തന്നെ കാര്യങ്ങള്‍ നടക്കണമെന്നാണ് വനിതകമ്മീഷന്റെ നിര്‍ദേശം. തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

സമരത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാളുമായി വിദ്യാര്‍ഥിനികള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാനായി വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, കോളജ് അധികൃതര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. സര്‍ക്കാര്‍ നിയമം അനുസരിച്ചാണ് ഹോസ്റ്റല്‍ പ്രവര്‍ത്തനമെന്നും ലിംഗ വിവേചനമല്ലെന്നും വിശദീകരിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍ രംഗത്ത് വന്നിരുന്നു. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും നിലവിലുള്ള നിയമം തുടരുന്നതിനാണ് താല്‍പര്യമെന്നും പ്രിന്‍സിപ്പാള്‍ അറിയിക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com