ഒൻപതാം ക്ലാസിൽ തുടങ്ങിയ രാഷ്ട്രീയം, എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍; കോടിയേരിക്ക് വിട  

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 01st October 2022 09:02 PM  |  

Last Updated: 01st October 2022 09:29 PM  |   A+A-   |  

kodiyeri

കോടിയേരി ബാലകൃഷ്ണന്‍/ഫയല്‍ ചിത്രം

 

സിപിഎമ്മിലെ ചിരിക്കുന്ന മുഖമാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. ധാര്‍ഷ്ട്യങ്ങളില്ലാത്ത രാഷ്ട്രീയ എതിരാളികൾക്ക് പോലും സ്വീകാര്യനായ നേതാവ്. കണ്ണൂരിലെ കല്ലറ തലായി എൽ പി സ്കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകൻ കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത് സ്കൂൾ പഠനകാലത്താണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സജീവരാഷ്ട്രീയത്തിലിറങ്ങിയ കോടിയേരി പിന്നീട് പാര്‍ട്ടിയുടെ തന്ത്രപ്രധാന സ്ഥാനങ്ങളും പാര്‍ലമെന്ററിപദവികളും വഹിച്ചു.

1953 നവംബർ 16 ജനിച്ച ബാലകൃഷ്ണൻ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ് കെ എസ് എഫിന്റെ ( എസ് എഫ് ഐയുടെ ആദ്യ രൂപം) യൂണിറ്റ് സ്കൂളിൽ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയായതും. 1980 മുതൽ 1982 വരെ യുവജനപ്രസ്ഥാനമായ ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. 1988ൽ ആലപ്പുഴയിൽ നടന്ന സിപിഎമ്മിന്റെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ പാർടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1990 മുതൽ 1995 വരെ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി അദ്ദേഹം. 1995ൽ അദ്ദേഹത്തെ പാർടിയുടെ സംസ്ഥാനസെക്രട്ടേറിയേറ്റിലേക്കും 2002ൽ ഹൈദരാബാദിൽ വെച്ചു നടന്ന സിപിഎം പാർടി കോൺഗ്രസിൽ വെച്ച് അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. 2008ൽ കോയമ്പത്തൂരിൽ വെച്ചു നടന്ന പാർടി കോൺഗ്രസിലാണ് അദ്ദേഹം സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായത്.

2001 മുതൽ 2016 വരെ തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. മണ്ഡലത്തില്‍നിന്ന് 1982, 1987, 2001, 2006, 2011 എന്നിങ്ങനെ അഞ്ചുവട്ടം നിയമസഭയിലെത്തിയിട്ടുണ്ട് കോടിയേരി. 2006 മുതൽ 2011 വരെ വി എസ് മന്ത്രിസഭയില്‍ മന്ത്രിയായി. ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളായിരുന്നു ചുമതല.  2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഎമ്മിന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ ആദ്യമായി സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയായത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന സിപിഎമ്മിന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി വീണ്ടും സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2022 ഓഗസ്ത് 28-ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സിപിഎം സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ