'കുഴിമന്തി' മാത്രമല്ല, 'മൊളൂഷ്യ'വും ഇഷ്ടമല്ല; എങ്കിലും പിന്തുണയില്‍ പിഴവു പറ്റി, ഖേദം പ്രകടിപ്പിച്ച് ഇളയിടം

വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്
സുനില്‍ പി ഇളയിടം/ഫയല്‍
സുനില്‍ പി ഇളയിടം/ഫയല്‍

കൊച്ചി: കുഴിമന്തി എന്ന പേര് നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ട് നടന്‍ വികെ ശ്രീരാമന്‍ എഴുതിയ കുറിപ്പിനെ പിന്തുണച്ചതില്‍ ഖേദം പ്രകടിപ്പിച്ച്, എഴുത്തുകാരന്‍ സുനില്‍ പി ഇളയിടം. കുറിപ്പിനെ പിന്തുണച്ചു കമന്റിട്ടത് പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ  വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാന്‍ അത് കാരണമായിട്ടുണ്ടെന്നും അതിനാല്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നെന്നും സുനില്‍ പി ഇളയിടം അറിയിച്ചു. 

കുറിപ്പ്

കുഴിമന്തി എന്ന പേരിനെ മുന്‍നിര്‍ത്തി ശ്രീരാമേട്ടന്‍ പറഞ്ഞ അഭിപ്രായവും അതിനോടുള്ള എന്റെ പ്രതികരണവും ചര്‍ച്ചയായ സന്ദര്‍ഭത്തില്‍ അതേക്കുറിച്ച് ചില കാര്യങ്ങള്‍ വ്യക്തമാക്കണം എന്നു കരുതുന്നു.
വ്യക്തിപരമായി എനിക്ക്  ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടന്റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാന്‍ ഉദ്ദേശിച്ചത് അതാണ്.
'മൊളൂഷ്യം' എന്നവിഭവത്തിന്റെ പേരും ഇതു പോലെ  വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഒന്നാണ്. ഭാഷാ സാഹിത്യ പഠനത്തില്‍ വരുന്ന  ജഹദജഹല്‍ ലക്ഷണ തുടങ്ങിയ പല പ്രയോഗങ്ങളും അങ്ങനെയുണ്ട്. ഇവയ്‌ക്കൊക്കെ കുറച്ചു കൂടി തെളിച്ചമുള്ള മലയാള പദങ്ങള്‍ വേണമെന്ന് പലപ്പോഴുംതോന്നിയിട്ടുമുണ്ട്.
എന്നാല്‍, ഇതൊന്നും ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ആശയങ്ങള്‍ക്ക് ന്യായമാകുന്നില്ല. ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങള്‍ ഒട്ടുമേ സ്വീകാര്യവുമല്ല.
തന്റെ അഭിപ്രായം പറയാന്‍ ശ്രീരാമേട്ടന്‍ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് ഞാന്‍ കരുതുന്നത്. 
എങ്കിലും ആ പ്രയോഗങ്ങള്‍ക്ക് അതേപടി പിന്തുണ നല്‍കിയ എന്റെ നിലപാടില്‍ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട് .പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ  വീക്ഷണങ്ങളെയും  ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാന്‍ അത് കാരണമായിട്ടുണ്ട്.
അക്കാര്യത്തിലുള്ള എന്റെ നിര്‍വ്യാജമായ ഖേദം രേഖപ്പെടുത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com